രണ്ടുമണി വരെ കനത്ത പോളിങ് ;കോട്ടയം മുന്നില്‍.മലപ്പുറത്തും തൃശൂരും റീ പോളിങിനു സാധ്യത

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 50 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴയിലും തൃശൂരിലുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കനത്ത മഴയെ അവഗണിച്ചും വോട്ടിങ്ങിനായി വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്.മലപ്പുറത്തും തൃശൂരും വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട ബൂത്തുകളില്‍ റീപോളിങിനു സാധ്യത. മലപ്പുറത്തെ 28 ബൂത്തുകളിലും തൃശൂരിലെ രണ്ടു ബൂത്തുകളിലുമാണു റീ പോളിങിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ ആലോചിക്കുന്നത്.

യന്ത്രത്തകരാര്‍ ഉണ്ടായ 227 സ്ഥലങ്ങളിലെ പ്രശ്നം പരിഹരിച്ചു. ഇവിടങ്ങളില്‍ വോട്ടെടുപ്പ് സുഗമമായി നടക്കുന്നു. തൃശൂരില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടു ബൂത്തുകളിലാണു റീ പോളിങ് ആലോചിക്കുന്നത്. മലപ്പുറത്തെ 28 സ്ഥലങ്ങളിലും റീ പോളിങിന് ആലോചിക്കുന്നു.

തൃശൂരില്‍ പോളിങ് തടസപ്പെട്ടത് യന്ത്രത്തകരാര്‍ മൂലമെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ജില്ലാ കലക്ടര്‍ കെ. കൗശികന്‍ പറഞ്ഞു.ജില്ലയില്‍ 62 വോട്ടുയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നില്‍ അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്ന് കലക്ടര്‍ ഡോ. കെ. കൗശികന്‍. യന്ത്രം സെറ്റ് ചെയ്യുന്നതില്‍ ഉണ്ടായ തകരാറുകളാണ് തടസ്സത്തിന് ഇടയാക്കിയത്. മിക്കയിടത്തും യന്ത്രം നന്നാക്കിയോ മാറ്റി നല്‍കിയോ വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞതായും കലക്ടര്‍ പറഞ്ഞു.

അതേസമയം, അരിമ്പുര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ റീപോളിങ് വേണ്ടി വരുന്ന സ്ഥിതിയാണ്്. ഇതിന് കലക്ടര്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 17ാം വാര്‍ഡ് ഒന്നാം ബൂത്തിലും 13ാം വാര്‍ഡ് ഒന്നാം ബൂത്തിലും പോളിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയന്നൂര്‍, തിരുവില്വാമല, അന്നമനട, കയ്പമംഗലം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും വോട്ടിങ് തടസ്സപ്പെട്ടിട്ടുണ്ട്.

ഒറ്റ വോട്ടുള്ള കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ വോട്ടു യന്ത്രത്തകരാര്‍ കാര്യമായി ബാധിച്ചിട്ടില്ല. അതേസമയം, ചാവക്കാട് മേഖലയില്‍ അണ്ടത്തോട് ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ കാര്യമായി തകരാറുണ്ടായി. മലപ്പുറത്ത് അട്ടിമറിയെന്ന് പറയപ്പെടുന്ന തകരാര്‍ ചാവക്കാട് മേഖലയിലും ബാധിച്ചതായി പറയുന്നുണ്ടെങ്കിലും തൃശൂര്‍ കലക്ടര്‍ അത് അംഗീകരിച്ചിട്ടില്ല. തൃശൂരില്‍ ഇതുവരെ 45 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഴു ജില്ലകളിലെ വോട്ടിങ് ശതമാനം: പത്തനംതിട്ട-48, കോട്ടയം-60, ആലപ്പുഴ-52, എറണാകുളം-50, തൃശൂർ-45, പാലക്കാട്-46, മലപ്പുറം-45.

രണ്ടാം ഘട്ടത്തിൽ സ്ത്രീ വോട്ടർമാർക്കു വൻ ഭൂരിപക്ഷമുണ്ട്– 86 ലക്ഷം സ്‌ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ പട്ടികയിലുള്ളത്. ആകെ 44,388 സ്ഥാനാർഥികളാണ് ഇന്നു ജനവിധി തേടുന്നത്. വോട്ടെടുപ്പ് തീരുന്ന അഞ്ചു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ ലഭിക്കും. ടോക്കൺ ലഭിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാം.

എട്ടു തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോ‌ട്ട് ചെയ്യാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിലെ ആറു മാസമെങ്കിലും മുമ്പുള്ള പാസ്ബുക്ക് (ഫോട്ടോ ഉള്ളത്), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് എന്നിവയാണ് അംഗീകൃത രേഖകൾ.

Top