സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്നയോഗത്തിലാണ് ലോക്ഡൗൺ തുടരാൻ ധാരണയായത്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്നതും ടി.പി.ആർ കുറയാത്ത സാഹചര്യവും കൊണ്ടാണ് ഒരാഴ്ചകൂടി ലോക്ഡൗൺ തുടരണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ വർധിപ്പിക്കും.
വടക്കൻ ജില്ലകളിൽ പരിശോധനയുടെ എണ്ണം ഇരട്ടിപ്പിക്കും. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘം ഡൽഹിയിൽ നിന്ന് വീണ്ടുമെത്തിയത്.
ഇന്നത്തെ വിലയിരുത്തൽ യോഗത്തിന് ശേഷം നാളെ ചേരുന്ന ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നശേഷം അന്തിമ തീരുമാനമെടുക്കും.
ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.