തിരുവനന്തപുരം: കേരളത്തില്‍ 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഐഎംഎ. രാജ്യവ്യാപകമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് ആണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അടുത്ത 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യക്തമാക്കുന്നത്. ഐഎംഎയുടെ വിദഗ്ധ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഇക്കാര്യം ഐഎംഎയുടെ സംസ്ഥാന ഭാരവാഹികളാണ് അറിയിച്ചത്.
അതേസമയം ലോക്ഡൗണിനു ശേഷവും നിയന്ത്രണം തുടരണമെന്ന ആവശ്യമുന്നയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. കൊറോണ ഹോട്സ്പോട്ടുകളിൽ രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ നീട്ടുന്നതിനെ അനുകൂലിക്കുന്നതായി കർണാടക. നിയന്ത്രണം ഏതാനും ദിവസം കൂടി നീട്ടണമെന്ന് കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.
രോഗവ്യാപനവും നിലവിലെ കേസുകളും പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെടുക്കേണ്ടത്. ലോക്ഡൗൺ നീക്കുന്നത് ഘട്ടംഘട്ടമായി വേണം. ഒറ്റയടിക്ക് നീക്കാൻ പാടില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ഈ മാസം അവസാനം വരെ രണ്ടാഴ്ച കൂടി ലോക് ഡൗൺ ദീർഘിപ്പിക്കണം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും കെ.സുധാകർ കൂട്ടിച്ചേർത്തു. ലോക്ഡൗണിനു ശേഷവും അന്തർസംസ്ഥാന യാത്രകൾ അനുവദിക്കരുതെന്ന് ഛത്തീസ്ഗഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന യാത്രകൾ അനുവദിക്കുന്നത് കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കുമെന്നാണ് ഛത്തീസ്ഗഡ് ആശങ്ക പ്രകടിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് ജാർഖണ്ഡും അറിയിച്ചു.
കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരുനിര്‍ദ്ദേശം ഐഎംഎ മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേയും, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐഎംഎ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും ഉണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്.
കേരള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളേയും, രാജ്യങ്ങളേയും അപേക്ഷിച്ച് കോവിഡ് 18 നിയന്ത്രണത്തില്‍ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗണ്‍ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിട്ടേക്കാമെന്നും ഐഎംഎ പറയുന്നു.
നേരത്തെ തെലുങ്കാനയും ലോക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. ആദ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ്വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാൻ കഴിയുമെന്നും തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയോട് പറഞ്ഞു. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാൽ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാൻ കഴിഞ്ഞു അദ്ദേഹം പറഞ്ഞു.