ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, അസംബ്‌ളി തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ കേന്ദ്ര നിയമകാര്യമന്ത്രാലയത്തിനു കത്തയച്ചതായാണു വിവരങ്ങള്‍. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തോട് യോജിപ്പാണെന്നും വിവരങ്ങള്‍ ഉണ്ട്. മാര്‍ച്ചില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പഞ്ചായത്തുതലം മുതലുള്ള തെരഞ്ഞടുപ്പ് ഒറ്റക്കെട്ടായി നടത്തുന്നതാണ് നല്‌ളതെന്ന് മോദി അഭിപ്രായപ്പട്ടിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു.
നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തുമ്പോള്‍ മറികടക്കേണ്ട പ്രശ്‌നങ്ങളും കമ്മീഷന്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. നിലവിലെ നിയമസഭകളുടെ കാലാവധി നീട്ടുകയോ. ചുരുക്കുകയോ ചെയ്യണം. വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് 9284.15 കോടി രൂപ അധികം വേണം. സുരക്ഷയ്ക്കായി കൂടുതല്‍ സേനയെ വിന്യസിക്കണം എന്നിവയായിരുന്നു കമ്മീഷന്‍ ചൂണ്ടികാണിച്ച കടമ്പകള്‍. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒറ്റ തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒന്നാക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ലാഭിക്കാന്‍ കഴിയുക.