വിടപറഞ്ഞത് ധാർഷ്ഠ്യമുള്ള ഉദ്യോഗസ്ഥൻ; കടുത്ത തീരുമാനങ്ങളിലൂടെ ജനമനസ്സിൽ സ്ഥാനം പിടിച്ച വ്യക്തി

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നൊരു തസ്തിക ഉണ്ടെന്ന് ജനങ്ങളെ മനസിലാക്കിച്ച മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി എൻ ശേഷൻ അന്തരിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ടി എൻ ശേഷന്‍. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവിനും അഴിമതിക്കും,​ ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ. ശേഷൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990 ഡിസംബർ 12നാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതല ഏറ്റത്. 1996 ഡിസംബർ 11 വരെ ആ പദവിയിൽ തുടർന്നു.

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടി.എൻ. ശേഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ശേഷൻ അതിന്റെ തലപ്പത്ത് എത്തിയപ്പോഴാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോദ്ധ്യപ്പെടുത്തി. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുക, സ്ഥാനാർത്ഥികളുടെ വരുമാന വിവരം വെളിപ്പെടുത്തുക എന്നിങ്ങനെ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങൾ ശേഷൻ കൊണ്ടുവന്നു.

1932ൽ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായി എന്ന ദേശത്താണ് ജനനം. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാർവാർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല.

 

Top