സുധാകര പരാജയം ഉറപ്പാക്കി സി.പി.എം! തകര്‍ന്നടിഞ്ഞ പാര്‍ട്ടി സംവിധാനവും മുഖസ്തുതിക്കാരും സുധാകരനെ വീണ്ടും തോല്‍പ്പിക്കും; കണ്ണൂരില്‍ സുധാകരനെ വീഴ്ത്താന്‍ വീണ്ടും ശ്രീമതി ടീച്ചര്‍

ഡി.പി.തിടനാട്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കനത്ത പരാജയം കെ സുധാകരന്‍ ഏറ്റുവാങ്ങുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ കിട്ടുന്ന വിവരങ്ങള്‍. 2014ലെ സാഹചര്യങ്ങളെക്കാള്‍ ദയനീയമാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനവും രാഷ്ട്രീയ സാഹചര്യവും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നിര്‍ജീവമാണ്. പല മണ്ഡലം കമ്മറ്റികളും പ്രവര്‍ത്തന രഹിതമാണ്. പത്തില്‍ താഴെയുള്ള മണ്ഡലം കമ്മറ്റികള്‍ കെ.പി.സി.സി ഫ്രീസ് ചെയ്തിരുന്നു. അവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടില്ല. അതിലും ശക്തമായ ഗ്രൂപ്പിസം ജില്ലയില്‍ കരുത്താര്‍ജ്ജിക്കപ്പെട്ടിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാത്ത ശബരിമല സ്ത്രീപ്രവേശനവിധി വിഷയത്തില്‍ കെ സുധാകരന്‍ എടുത്ത കടുത്ത സ്ത്രീവിരുദ്ധ നിലപാടും തീവ്ര ഹിന്ദുത്വ നിലപാടും കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും മുസ്ലിം ന്യുനപക്ഷങ്ങളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസിലെ മുന്‍ എം എല്‍എയും മുന്‍ എംപിയുമായ മുസ്ലിം സമുദായക്കാരനുമായ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ .പി. അബ്ദുള്ളക്കുട്ടി പരോക്ഷമായി സതീശന്‍ പാച്ചെനിക്കും സുധാകരന്‍ ഗ്രൂപ്പിനും എതിരെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും സുധാകരന് പ്രതിലോമമായി ബാധിക്കും. നിലവിലെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇരുനൂറിലധികം ബൂത്തുകളില്‍ ഇരിക്കാന്‍ വരെ കോണ്‍ഗ്രസുകാരില്ല എന്നതാണ് സത്യാവസ്ഥ എന്നും പറയപ്പെടുന്നു. അടുക്കും ചിട്ടയുമായ പ്രവര്‍ത്തനത്തില്‍ വന്‍ മുന്നേറ്റത്തിലാണ് ഇടതുപക്ഷം നടത്തുന്നത്.

ജില്ലയിലെ അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയ പ്രചാരണ ആയുധമാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് തൊട്ടടുത്ത വടകരയില്‍ കൊലപാതക രാഷ്ട്രീയ ആരോപണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പി ജയരാജനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ‘രാഷ്ട്രീയ സ്ട്രാറ്റജി ചര്‍ച്ചയാക്കി ആ വിഷയം തന്നെ അപ്രസക്തമാക്കിയിരിക്കയാണ് സി.പി.എം. നിലവിലെ സാഹചര്യത്തില്‍ അമ്പതിനായിരം വോട്ടിനു മുകളില്‍ ഭൂരിപക്ഷത്തില്‍ സി.പി.എം വിജയിക്കും എന്ന് കണക്കു കൂട്ടുന്നു. കനത്ത പ്രഹരം പോലെ കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടകളില്‍ ഗ്രൂപ്പ് പോര്‍ വര്‍ദ്ധിച്ചിരിക്കയാണ്. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സംഘടനാ സംവിധാനങ്ങളില്‍ തിരുകിക്കയറ്റല്‍ നടത്തുന്ന ഇരിക്കൂറിലും പേരാവൂരും ഗ്രൂപ്പ് വൈരം പോലെ സമാന്തരമായി ഐ ഗ്രൂപ്പ് രംഗത്ത് എത്തിയിയിരിക്കുന്നത് പരാജയത്തിന് ആക്കം കൂടും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പേരുകൊണ്ടു ചുവന്ന ഭൂമിയെന്ന് അറിയപ്പെടുമെങ്കിലും സിപിഎമ്മിനു കണ്ണൂര്‍ എന്നും ബാലികേലാമലയാണ്. എ.കെ ഗോപാലനും, സി.കെ ചന്ദ്രപ്പനും പിന്നെ ഒരു അത്ഭുതക്കുട്ടിയും പിന്നെ കഴിഞ്ഞ 2014 ല്‍ പികെ ശ്രീമതി ടീച്ചറുമാണ് കണ്ണൂരിന്റെ മണ്ണില്‍ നിന്നു ലോക്സഭയെ ചുവപ്പിച്ചിട്ടുണ്ട്. ഇതില്‍ അത്ഭുതക്കുട്ടിയായ അബ്ദുള്ളക്കുട്ടി ഇപ്പോള്‍ വലതു പാളയത്തില്‍ ചേക്കേറിയിരിക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരനും, സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സിറ്റിംഗ് എംപിയും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയും തമ്മിലാണ് നേരിട്ടു പോരാട്ടം നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലം. തളിപ്പറമ്പ്, അഴിക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നിവയാണിവ. ആകെ വോട്ടര്‍മാരുടെ എണ്ണം 12,12,678. സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. 6,42,633 സ്ത്രീ വോട്ടര്‍മാരുണ്ട്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 5,70,043. രണ്ട് ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്. നിലവില്‍ എംപിയായ പി കെ ശ്രീമതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്നത്. യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

2014 ലെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതി കോണ്‍ഗ്രസിലെ കെ സുധാകരനെ 6,566 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പി കെ ശ്രീമതിക്ക് 4,27,622 വോട്ടും (45.15 ശതമാനം), കെ സുധാകരന് 4,21,056 വോട്ടും (44.46) ലഭിച്ചു. ബിജെപിയിലെ പി സി മോഹനന് 51,636 വോട്ടാണ് (5.45 ) ലഭിച്ചത്. 81. 32 ശതമാനമായിരുന്നു പോളിങ്.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വരിച്ച ചരിത്രമാണ് കണ്ണൂര്‍ മണ്ഡലത്തിനുള്ളത്. 1951 ല്‍ ഈ മണ്ഡലത്തില്‍നിന്ന് ആദ്യമായി ജയിച്ചത് കമ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തലവനുമായ എ കെ ഗോപാലനാണ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സി കെ ചന്ദ്രപ്പന്‍ കോണ്‍ഗ്രസ് പിന്തുണയോടെ കണ്ണൂര്‍ മണ്ഡലത്തില്‍ വിജയം നേടി.

1980ല്‍ കോണ്‍ഗ്രസില്‍നിന്ന് പിരിഞ്ഞ ദേവരാജ് അരസിന്റെ നേതൃത്വത്തിലുള്ള പാര്‍ടിയിലൂടെ കെ കുഞ്ഞമ്പു മണ്ഡലത്തില്‍നിന്ന് ഇടതുപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1984 മുതല്‍ 1998 വരെ അഞ്ചുതവണ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു മണ്ഡലത്തിലെ എംപി. 1999 ല്‍ എ പി അബ്ദുള്ളക്കുട്ടിയിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 2004ലും എ പി അബ്ദുള്ളക്കുട്ടിയിലുടെ കണ്ണൂര്‍ ഇടതുപക്ഷത്തായി. 2009 ല്‍ കോണ്‍ഗ്രസിലെ കെ സുധാകരന്‍ വിജയിച്ചു. 2014ല്‍ പി കെ ശ്രീമതിയിലൂടെ വീണ്ടും കണ്ണൂര്‍ ഇടതുപക്ഷത്തായി.

ഏറ്റവും അവസാനമായി നടന്ന 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അഴീക്കോട്, ഇരിക്കൂര്‍ പേരാവൂര്‍ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പമുളളത്. ഇതില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം കോടതി റദ്ദാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 1,02176 വോട്ട് എല്‍ഡിഎഫിന് കൂടുതലായി ഉണ്ട്. ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാമണ്ഡലങ്ങള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങള്‍ വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ്.

എന്നാല്‍, ഇടതു വിരുദ്ധ തരംഗം ശക്തിയില്‍ ഇത്തവണ മണ്ഡലത്തില്‍ ഇല്ല എന്നത് കോണ്‍ഗ്രസിനു ചില്ലറ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2009 ല്‍ കെ.സുധാകരന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യാന്‍ എത്തിയത് തികഞ്ഞ കമ്മ്യൂണിസ്റ്റായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായിരുന്നു. ഇടഞ്ഞു നിന്നവര്‍ എല്ലാം സി.പി.എമ്മില്‍ തിരിച്ചെത്തി .സിപിഎം വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുമെന്ന ആശങ്കയും ഇതു മൂലം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുണ്ട്. മണ്ഡലത്തിലെ സിപിഎം വിരുദ്ധ മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട് എന്നാണ് വിവരം . സിപിഎം വിരുദ്ധ ഹിന്ദുവോട്ടുകള്‍ ലക്ഷ്യം വയ്ക്കുന്ന ബിജെപി കരുത്തനെ തന്നെ രംഗത്തിറക്കും .

എന്നാല്‍, കെ.സുധാകരന്റെ വ്യക്തിപ്രഭാവം തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന തുറുപ്പു ചീട്ട്. ശ്രീമതിയെയും പാര്‍ട്ടിയെയും കടന്നാക്രമിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗശൈലിയും കണ്ണൂരില്‍ സിപിഎമ്മിനെ അതേ നാണയത്തില്‍ ആക്രമിക്കുന്ന ശൈലിയും കോണ്‍ഗ്രസിനു ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും, ശബരിമലയും ഹൈലൈറ്റ് ആക്കിയാല്‍ സുധാകരന്റെ വിജയം ഉറപ്പെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു .എന്നാല്‍ ന്യുനപക്ഷങ്ങള്‍ ശബരിമല വിഷയത്തില്‍ സുധാകരനെ കൈവിടും എന്നും ഭയക്കുന്നവര്‍ ഉണ്ട്

എന്നാല്‍, സിപിഎമ്മില്‍ കാര്യങ്ങള്‍ അത്രഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസും ഷുക്കൂര്‍ ,ഷുഹൈബ് വധവും ഒടുവില്‍ പെരിയയിലെ ഇരട്ട കൊലപാതകവും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് ഭയം. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇത്തവണയും സുധാകരനെ അട്ടിമറിക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ്. കണ്ണൂരില്‍ ഇടതു വിരുദ്ധ തരംഗം ഇല്ലെന്നത് തന്നെയാണ് പാര്‍ട്ടിയുടെ വിശ്വാസം. മുന്‍പ് പാര്‍ട്ടി വിട്ടവരും ജനതാദളും തിരികെ എത്തിയത് പാര്‍ട്ടിയെ തെല്ലൊന്നുമല്ല ആശ്വസിപ്പിക്കുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ തവണ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നവരെ ബൂത്തിലെത്തിച്ചാല്‍ മതിയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കൂ കൂട്ടല്‍. എന്നാല്‍, ഒരു സംഘം നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നെങ്കിലും വോട്ട്ശതമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നു തെളിയിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ബിജെപി നേതൃത്വം. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിജയത്തേക്കാള്‍ വലുത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് വര്‍ധിപ്പിക്കുന്നതിലാണെന്നും ബിജെപി കണക്കു കൂട്ടുന്നുണ്ട്.

Top