തോന്ന്യാസം അനുവദിക്കില്ല: രാഷ്ട്രീയകാര്യസമിതിയിൽ തുറന്നടിച്ച് വി.ഡി. സതീശൻ.മുല്ലപ്പള്ളി-രമേശ്- ഉമ്മൻചാണ്ടി നേതൃത്വത്തിന് രൂക്ഷവിമർശനം

ഹർഷൻ

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിലുൾപ്പെടെ പാർട്ടിയെ പിറകോട്ടടിക്കാൻ നേതൃതലത്തിലെ ആശയക്കുഴപ്പം വഴിയൊരുക്കിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. മുല്ലപ്പള്ളി- രമേശ് ചെന്നിത്തല- ഉമ്മൻ ചാണ്ടി നേതൃത്രയത്തിനെതിരെ യോഗത്തിൽ പലരും ആഞ്ഞടിച്ചു. കാര്യങ്ങൾ തീരുമാനിച്ചറിയിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ നേതാക്കളാണ് നിങ്ങളെന്നും എന്നിട്ട് പൗരത്വവിഷയം വന്നിട്ട് പോലും നേതൃതലയോഗം വിളിച്ചുകൂട്ടാത്ത കേരളത്തിലെ ഏക പാർട്ടി കോൺഗ്രസ്സാണെന്നും വി.ഡി. സതീശൻ തുറന്നടിച്ചു. വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടിലാണ് നേതാക്കളോരോരുത്തരും പല തരത്തിൽ പ്രതികരിക്കുന്നത്. ഈ തോന്ന്യാസം അനുവദിക്കില്ല- സതീശൻ യോഗത്തിൽ പറഞ്ഞു. പൗരത്വഭേദഗതി വിഷയത്തിൽ നേതാക്കൾ തമ്മിലുണ്ടായ ആശയവിനിമയത്തിലെ പൊരുത്തക്കേടുകൾ രാഷ്ട്രീയസാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാക്കാനാണ് വഴിയൊരുക്കിയത്. പിണറായിയുടെ തൊഴുത്തിൽ കൊണ്ടുപോയി പൗരത്വവിഷയത്തെ നിങ്ങൾ കെട്ടിക്കൊടുത്തുവെന്നും അദ്ദേഹം വിമർശിച്ചു. പ്രസിഡന്റിനെ ഫോണിൽ കിട്ടുന്നില്ല. പൗരത്വവിഷയത്തിൽ സംയുക്തസമരത്തിന് പ്രതിപക്ഷനേതാവും ഉമ്മൻ ചാണ്ടിയുമെല്ലാം കൂടിയാലോചിച്ച് തീരുമാനിച്ചു. പ്രസിഡന്റിന് എതിർപ്പായിരുന്നെങ്കിൽ അത് അന്ന് തുറന്ന് പറയണ്ടേ. പ്രസിഡന്റല്ലേ പാർട്ടിയുടെ അവസാനവാക്ക്. എന്നാൽ സമരം കഴിഞ്ഞശേഷം നാല് തവണ പത്രസമ്മേളനം നടത്തി തള്ളിപ്പറഞ്ഞു. അങ്ങനെ കാര്യങ്ങൾ ഇടതിന് അനുകൂലമാക്കിയെന്നും സതീശൻ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃതലത്തിൽ പ്രവർത്തിക്കുന്നവർ തമ്മിൽതമ്മിലോ അല്ലെങ്കിൽ മറ്റുള്ളവരുമായോ ആശയവിനിമയം നടത്തി വേണം തീരുമാനങ്ങളെടുക്കാനെന്ന് മുതിർന്ന നേതാവ് വി.എം. സുധീരൻ ഓർമ്മിപ്പിച്ചത്  കെ. കരുണാകരന്റെ കാര്യം പറഞ്ഞിട്ടായിരുന്നു. സർവ്വ പ്രതാപിയായിരുന്ന കെ. കരുണാകരൻ പോലും കൂടിയാലോചനകൾ നടത്തിയാണ് പാർട്ടിയെ മുന്നോട്ട് നയിച്ചിരുന്നതെന്ന് വി.എം. സുധീരൻ ഓർമ്മിപ്പിച്ചു. എന്നിട്ടും അധികാരം നഷ്ടപ്പെട്ട കരുണാകരന്റെ സ്ഥിതി എന്തായിരുന്നുവെന്ന് ഓർക്കണം.

പൗരത്വഭേദഗതി വിഷയത്തിലും സി.എ.ജി റിപ്പോർട്ടിന്റെ കാര്യത്തിലുമൊക്കെ കെ.പി.സി.സി പ്രസിഡന്റിൽ നിന്നും പ്രതിപക്ഷനേതാവിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളുയരുന്നത് പാർട്ടിക്ക് ദോഷമാകുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി വിഷയം ഉയർന്നുവന്ന വേളയിൽ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കാതിരുന്നത് സംയുക്ത സമരത്തിലടക്കം കൃത്യമായ നിലപാടെടുക്കുന്നതിൽ ആശയക്കുഴപ്പത്തിന് വഴിവച്ചു. എന്നാൽ, പാർട്ടി പുന:സംഘടനയുടെ തിരക്കുകളും നേതാക്കൾ സമരമുഖത്തായതടക്കമുള്ള കാരണങ്ങളാൽ സംഭവിച്ച നേതാക്കളുടെ അസൗകര്യങ്ങളുമാണ് യോഗം വിളിക്കാൻ വൈകിയതെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവർത്തകർക്കും നേതാക്കൾക്കും അപ്രാപ്യനാകുന്നുവെന്ന വിമർശനവുമുയർന്നു. നേതൃത്വത്തിൽ ഐക്യമില്ല. നേതാക്കൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ അദ്ധ്യക്ഷന് സാധിക്കുന്നില്ല. പല വിഷയങ്ങളിലും പാർട്ടിയിൽ അഭിപ്രായ ഐക്യമില്ലെന്ന് കെ.വി.തോമസും പി.സി. ചാക്കോയും വി.എം. സുധീരനും കെ. മുരളീധരനും കുറ്റപ്പെടുത്തി. സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷനേതാവ് സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത് തന്നെ അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമാണെന്ന് ഇവർ പറഞ്ഞു.

ഒരു വർഷവും മൂന്ന് മാസവുമായി വർക്കിംഗ് പ്രസിഡന്റായിരിക്കുന്ന തന്നെ അതിന് ശേഷം ഇതുവരെ മുല്ലപ്പള്ളി ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞപ്പോൾ സുധാകരൻ ഇതുവരെ തന്നെയും വന്ന് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു.

പൗരത്വവിഷയത്തിലെ സംയുക്തപ്രക്ഷോഭത്തിനെതിരെ പ്രസിഡന്റ് കൈക്കൊണ്ട നിലപാട് ശരിയായില്ലെന്ന് ഷാനിമോൾ ഉസ്മാനും വിമർശിച്ചു.

സി.എ.ജിയുടെ കണ്ടെത്തലിൽ ജുഡിഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ മുല്ലപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയുടെ പിന്തുണയുമുണ്ടായി. എന്നാൽ, ജുഡിഷ്യൽ അന്വേഷണം എന്ന ആവശ്യം അംഗീകരിച്ച് ഏതെങ്കിലും റിട്ട. ജഡ്ജിയെ കമ്മിഷനായി സർക്കാർ വയ്ക്കുന്നതോടെ സി.എ.ജി സമരം അവസാനിപ്പിച്ച് മടങ്ങേണ്ടി വരില്ലേയെന്ന ചോദ്യമുയർന്നു. അങ്ങനെ കമ്മിഷനെ വയ്ക്കുന്നത് കൊണ്ട് സർക്കാരിനേ ഗുണമുണ്ടാകൂ. ഇതോടെ പ്രശ്നം അവസാനിപ്പിക്കാനാവുകയും കമ്മിഷനെക്കൊണ്ട് സർക്കാരിനനുകൂലമായി പിന്നീട് റിപ്പോർട്ട് വാങ്ങിക്കാനുമാവും. സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുള്ള സമയബന്ധിത അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നായി മുല്ലപ്പള്ളി. സിറ്റിംഗ് ജഡ്ജിയെ വിട്ടുനൽകില്ലെന്ന് വർഷങ്ങൾക്ക് മുമ്പേ ഹൈക്കോടതി വ്യക്തമാക്കിയ കാര്യം സതീശനടക്കമുള്ളവർ എടുത്തുകാട്ടിയതോടെ, സി.ബി.ഐ അന്വേഷണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യത്തിലേക്ക് മുല്ലപ്പള്ളിയും വഴങ്ങി.

Top