മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍ക്കെതിരെയാണ് പരാതി.
അന്തരിച്ച എംഎല്‍എ കെകെ രാമചന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട പൊലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കിയത് ചട്ട ലംഘനമാണെന്നാണ് പരാതി.
എന്നാല്‍ ദുരിതാശ്വാസ നിധി സംബന്ധിച്ച് മന്ത്രി സഭയ്ക്ക് തീരുമാനമെടുക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതേസമയം മന്ത്രി സഭയുടെ തീരുമാനം കോടതി പോലും പരിശോധിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു ലോകായുക്തയുടെ നിലപാട്.
ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലിന്‍ ചിറ്റ് നല്‍കിയിരുന്നു.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി. മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല.
ഇത്തരമൊരു നിര്‍ദേശം നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.