ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും വ്യക്തികള്‍ക്കുനേരെ രാസായുധമുപയോഗിച്ചുള്ള ആക്രമണം നടന്നതായി സംശയം. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യൂലിയയക്കും നേരെ സോള്‍സ്ബ്രിയയില്‍ ഉണ്ടായ രാസായുധാക്രമണത്തിന്റെ സമാനമായ മാതൃകയില്‍ അതേ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള അമെസ്ബ്രിയിലാണ് ദമ്പതികളെ ആക്രമണത്തിനിരയായതായി കണ്ടെത്തിയിരിക്കുന്നത്. 40 വയസ്സ് പ്രായമുള്ള ദമ്പതികളെ അബോധാവസ്ഥയില്‍ മഗിള്‍ട്ടന്‍ റോഡിലെ ഒരു വീട്ടിനുള്ളില്‍ ശനിയാഴ്ച വൈകിട്ടാണു കണ്ടെത്തിയത്.
സോള്‍സ്ബ്രിയില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയാണ് അമെസ്ബ്രി. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌ക്രീപലിനെയും മകളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ആക്രമിക്കാന്‍ ഉപയോഗിച്ച നൊവിചോക്ക് എന്ന നാഡീവ്യൂഹത്തെ ബാധിക്കുന്ന രാസവിഷവസ്തുവാണ് ഇവിടെയും ഉപയോഗിച്ചതെന്നാണ് സംശയം.
ഈ ദമ്പതികള്‍ ലഹരിവസ്തുക്കളായ ഹെറോയ്‌നും കൊക്കെയ്‌നും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാലപ്പഴക്കം ചെന്നതും മായം ചേര്‍ത്തതുമായ ലഹരിവസ്തുക്കളുടെ ഉപയോഗമാണോ പ്രശ്‌നമായതെന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനിരയാകും മുന്‍പ് ദമ്പതികള്‍ എത്തിയ സ്ഥലങ്ങളെല്ലാം പൊലീസ് അടച്ചു. യുകെ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.