ആലപ്പുഴ : പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പതിനഞ്ചുകാരി കുഴഞ്ഞുവീണു. പെണ്‍കുട്ടിയും താനും വിഷം കഴിച്ചിട്ടുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന പത്തൊന്‍പതുകാരന്‍ വ്യക്തമാക്കി. ഇതോടെ പൊലീസ് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ നാലിന് തകഴിയില്‍ നിന്നാണ് ഇരുവരെയും കാണാതായത്. യുവാവ് ഓച്ചിറയില്‍ തട്ടുകട ജീവനക്കാരനാണ്. പെണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞു. ഇവര്‍ പൊള്ളാച്ചി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ പോയ ശേഷം ഓച്ചിറയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കയ്യിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റുകിട്ടിയ പണവുമായി ഇവര്‍ തിരികെ ഓച്ചിറയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും എത്തിയ ഉടനെ തട്ടുകട ഉടമ പൊലീസിനെ വിവരം അറിയിക്കുകയും ഓച്ചിറ പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് എത്തി ഇരുവരെയും ഏറ്റുവാങ്ങി ഇന്നലെ പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ചു. രാവിലെ ഒന്‍പതു മണിയോടെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നു. ശീതളപാനീയത്തില്‍ വിഷം ചേര്‍ത്തു കഴിച്ചെന്നാണ് ആണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്.
രണ്ടുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ഐസിയുവില്‍ നിന്നു വാര്‍ഡിലേക്കു മാറ്റി. അമ്പലപ്പുഴ മജിസ്‌ട്രേറ്റ് എത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്തി. ആണ്‍കുട്ടി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊലീസ് പറഞ്ഞു. മകനെ കാണാതായ വിഷമത്തില്‍ വിഷക്കായ കഴിച്ച അച്ഛനും മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
ഓച്ചിറയിലേക്കുള്ള യാത്രക്കിടെ തൃശൂരില്‍ നിന്ന് വാങ്ങിയ എലിവിഷം ഇരുവരും ശീതളപാനീയത്തില്‍ കലക്കി കഴിച്ചെന്നാണ് അറിയിച്ചത്.