കാമുകിക്ക് നിറയെ സമ്മാനങ്ങള്‍ നല്‍കി പിരിഞ്ഞപ്പോള്‍; 23 കാരന് തടവ് ശിക്ഷ  

 

 

ദുബായ് : മുന്‍ കാമുകിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് 3 മാസത്തെ ജയില്‍ ശിക്ഷ. ദുബായിലാണ് സംഭവം. 23 കാരനായ ചൈനീസ് യുവാവിനാണ് തടവ് ശിക്ഷ ലഭിച്ചത്. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ 2017 ജനുവരിയില്‍ പിരിഞ്ഞു. ഇതോടെയാണ് താന്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചു നല്‍കണമെന്ന് യുവാവ് യുവതിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ അതിന്റെ പണം തിരികെ നല്‍കണമെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ അവ തിരികെ നല്‍കാന്‍ 27 കാരി തയ്യാറായില്ല. ഇതോടെ ഇയാള്‍ വീട്ടിലെത്തി ശല്യപ്പെടുത്തുകയും ചെയ്തു. പക്ഷേ യുവതിയുടെ കുടുംബം വാതില്‍ തുറന്നില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഫോണില്‍ സന്ദേശമയച്ച് ഭീഷണി മുഴക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മകളെയും അമ്മയെയും കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം.ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇയാള്‍ക്ക് ദുബായ് കോടതി സെപ്റ്റംബറില്‍ 3 മാസത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ യുവാവ് മേല്‍ക്കോടതിയെ സമീപിച്ച് തന്നെ കുറ്റവിമുക്തനാക്കാന്‍ അപ്പീല്‍ നല്‍കി. എന്നാല്‍ പ്രസ്തുത കോടതി ഇയാളുടെ ഹര്‍ജി തള്ളി കീഴ്‌ക്കോടതി വിധി ശരിവെയ്ക്കുകയായിരുന്നു. തടവിന് ശേഷം ഇയാളെ ചൈനയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. അതേസമയം ഇയാള്‍ക്ക് ഉന്നത കോടതിയില്‍ അപ്പീലുമായി പോകാന്‍ ഒരു അവസരമുണ്ട്.

Top