രണ്ടുപേരും ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കെവിന്റെ അവസ്ഥയായിരിക്കും; വീട്ടുകാരുടെ ഭീഷണിയില്‍ ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍

തൊടുപുഴ: ഒരുമിച്ച് ജീവിക്കാന്‍ തൊടുപുഴയില്‍ നിന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും വധഭീഷണി. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബക്കാരും നാട്ടുകാരും തടിച്ച് കൂടിയിരിക്കുകയാണ്. ഇരുവരെയും യുവാവിന്റെ വീട്ടുകാരേയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി. ഇത് സംബന്ധിച്ച് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവും പെണ്‍കുട്ടിയും ഒരുമിച്ച് ജീവിക്കാന്‍ നാടുവിട്ടത്. ഇതിന് പിന്നാലെയാണ് യുവാവിനെയും കുടംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്.

ഇരുവരും എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ കുടുംബത്തോടൊപ്പം കൊലപ്പെടുത്തുമെന്നും കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ അവസ്ഥയായിരിക്കും നിങ്ങള്‍ക്കും ഉണ്ടാകുക എന്നായിരുന്നു ഭീഷണി. യുവാവിന്റെ പാലക്കാട്ടെ അമ്മാവന്റെ വീട്ടിലേക്കാണ് ഇരുവരും അഭയം തേടിയെത്തിയത്. എന്നാല്‍ രണ്ട് പേരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായത് കൊണ്ട് അമ്മാവന്‍ ചെര്‍പ്പുളശേരി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍വച്ച് യുവാവ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്.

പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്നുണ്ടായ പീഡനം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ട് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യുവതിയുടെ പിതാവ് ഫോണിലൂടെ വധഭീഷണി സന്ദേശമയച്ചതായി യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. കഴിഞ്ഞ പതിനഞ്ച് ദിവസം മുന്‍പ് പത്രവാര്‍ത്ത കണ്ടില്ലെ… ഞാനിനി ജീവിക്കുന്നത് നിങ്ങളെ കൊല്ലാന്‍ വേണ്ടിയാണെന്ന് യുവതിയുടെ പിതാവ് യുവാവിനും സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശത്തില്‍ പറയുന്നു.

തൊടുപുഴ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുവച്ചാണ് യുവതിയുടെ പിതാവിന്റെ ഭീഷണി. യുവാവിനെ സഹായിച്ചവരെയാരെയും വച്ചേക്കില്ലെന്നും ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. തൊടുപുഴ പൊലീസില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ഷോര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇരുവരയും തൊടുപുഴ പൊലീസിന് കൈമാറി. നാളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

Top