ആഗ്ര: മതം നോക്കാതെ പ്രണയിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ആഗ്രയിലെ കോട്ട് വാലി സദറിലാണ് സംഭവം നടന്നത്. ഹിന്ദു-മുസ്ലീം വിഭാഗക്കാരായ ഇരുവരുടെയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ വലിയ പ്രശ്‌നങ്ങളുണ്ടായി. ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ ഇരുവരും ഒന്നിച്ചു മരിക്കാമെന്ന് തീരുമാനം എടുക്കുകയായിരുന്നു.
പത്താംക്ലാസുകാരനായ സോനു മൊഹമ്മദ്, ഒമ്പതാം ക്ലാസുകാരിയായ ഷീലം കുമാരി എന്നിവരാണ് മരിച്ചത്. അടച്ചുപൂട്ടിയ മുറിയില്‍ പരസ്പരം കെട്ടിപ്പിടച്ച നിലയിലായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. ഈ മാസം ഒമ്പതിന് ഷീലം കുമാരിയെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം കുബേര്‍പൂരില്‍ നിന്നുള്ള യുവാവുമായി വിവാഹം കഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഷീലം സ്വന്തം വീട്ടിലെത്തി. ഈ സമയം ഷീലം വളരെ സന്തോഷവതിയായിരുന്നെന്ന് സഹോദരന്‍ സൗരബ് പറയുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെ കാമുകന്‍ സോനുവുമൊത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെ സോനുവിന്റെ മുറിയില്‍ നിന്ന് തീയുയരുന്നത് കണ്ടതായി സോനുവിന്റെ ഇളയസഹോദരന്‍ അലി മുഹമ്മദ് പറഞ്ഞു. ”ഞാന്‍ മുറിയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഇരുവരും തറയില്‍ തീകത്തി കിടക്കുന്നതാണ് കണ്ടത്. മുറിമുഴുവന്‍ തീയായിരുന്നു. ഏതാണ്ട് ഒരുമണിക്കൂറിന് ശേഷം പോലീസ് എത്തി മുറിയുടെ ഭിത്തി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.” അലി പറഞ്ഞു.
പ്രഥമദൃഷ്ട്യാ മരണം ആത്മഹത്യയെന്നാണ് വിലയിരുത്തിയിരിക്കുന്നതെന്നും ഇരുവീട്ടുകാരും പരാതി നല്‍കാന്‍ താത്പര്യം കാണിക്കാഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.