രണ്ട് യുവാക്കള്‍ ഒന്നിച്ച് ഒരു പെണ്‍ക്കുട്ടിയെ പ്രണയിച്ചു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ…

രണ്ട് യുവാക്കള്‍ ഒന്നിച്ച് ഒരു പെണ്‍ക്കുട്ടിയെ പ്രണയിച്ചു. രണ്ടുപേരോടും അടുപ്പം പുലര്‍ത്തിയ യുവതി ഒരാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. മറ്റെയാള്‍ കൊലപാതകത്തിന് കൂട്ട് നില്‍ക്കുന്നു. സിനിമയെ വെല്ലുന്ന കൊലപാതകം നടന്നത് കഴിഞ്ഞ ദിവസം നോയിഡയില്‍. കൊലപാതകത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രണയവും പ്രതികാരവും പുറംലോകമറിയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാക്കളായ റഹീമും ഇസ്രഫിലും സുഹൃത്തുക്കളാണ്. നാലു വര്‍ഷം മുമ്പ് ഡല്‍ഹി-കത്തിഹാര്‍ (ബിഹാര്‍) ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. എതിര്‍വശത്തെ ബെര്‍ത്തിലിരുന്ന 22കാരി സൈറ ഇരുവരുടെയും ഹൃദയം കവര്‍ന്നു. രണ്ടുപേര്‍ക്കും സൈറയോട് ഇഷ്ടം. യാത്രയ്ക്കിടയില്‍ മൂവരും സൗഹൃദത്തിലായി. വീടുകളിലേക്ക് മടങ്ങുമ്പോള്‍ സൈറയുടെ ശ്രദ്ധ കവരുന്നതില്‍ റഹീമും ഇസ്രാഫിലും തമ്മില്‍ അവരറിയാതെ ഒരു മത്സരം തുടങ്ങിയിരുന്നു. സൈറയ്ക്കു ഇസ്രാഫിലിനോടായിരുന്നു ഇഷ്ടക്കൂടുതല്‍. ദ്വാരകയില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സൈറയ്ക്കും നോയിഡയില്‍ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനും കാണാനുള്ള സാധ്യത കൂടുതലായിരുന്നു.

രണ്ടുപേരും അടുത്തു, പ്രണയിച്ചു.എന്നാല്‍, പല കാരണങ്ങളാല്‍ പ്രേമം വിവാഹത്തിലെത്തിയില്ല. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ ഇസ്രാഫില്‍ കല്യാണം കഴിച്ചു. ഇതോടെ സൈറയുടെ മനസിലേക്ക് ആണ്‍സുഹൃത്തിന്റെ രൂപത്തില്‍ റഹീം പ്രവേശിച്ചു. ഇതിനിടയിലും ഇസ്രാഫിലും സൈറയും രഹസ്യമായി സന്ധിച്ചു, ലൈംഗിക ബന്ധം തുടര്‍ന്നു. നാളുകള്‍ പിന്നിട്ടപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ വീണ്ടും പ്രശ്‌നം തുടങ്ങി. എന്നാല്‍, രഹസ്യകഥകള്‍ റഹീമിനോടു വെളിപ്പെടുത്തുമെന്നു പറഞ്ഞ് ഇസ്രാഫില്‍ സൈറയെ ഭീഷണിപ്പെടുത്തി ബന്ധം തുടര്‍ന്നു.

സഹിക്കാനാവാതെ വന്നപ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് 31നു സൈറ റഹീമിനെ ഫോണ്‍ ചെയ്തു കാര്യങ്ങള്‍ പറഞ്ഞു. സ്വദേശമായ കത്തിഹാറില്‍നിന്നു നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ കയറി റഹിം ആനന്ദ വിഹാറിലെത്തി. സെപ്റ്റംബര്‍ രണ്ടിനു ഗ്രീന്‍പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ സൈറയെ കണ്ടു. ഇസ്രാഫിലിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. മൂര്‍ച്ചയുള്ള കത്തി സംഘടിപ്പിക്കാന്‍ റഹിം സൈറയോടു നിര്‍ദേശിച്ചു. ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ വിളിച്ചു. രാത്രിയില്‍ നോയിഡ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനില്‍ കാണാനാകുമോ എന്നു ചോദിച്ചു.

രാത്രി എട്ടു മണിക്കുശേഷം ഓട്ടോയില്‍ ഇസ്രാഫില്‍ എത്തി. സൈറ പറഞ്ഞതനുസരിച്ച് അവരുമായി നോയിഡ എക്‌സ്പ്രസ്‌വേയിലേക്ക് ഓട്ടോ കുതിച്ചു. മറ്റൊരു ഓട്ടോയില്‍ റഹിം പിന്നാലെ കൂടി. സംശയങ്ങളൊന്നും തോന്നാതിരുന്ന ഇസ്രാഫില്‍, സൈറയുടെ നിര്‍ദേശപ്രകാരം അദ്വന്ത് ബിസിനസ് പാര്‍ക്കിനു സമീപമുള്ള റോഡില്‍ ഇരുട്ടത്ത് ഓട്ടോ നിര്‍ത്തി. നേരത്തേ തീരുമാനിച്ചതു പോലെ സൈറ, ഇസ്രാഫിലിനെ ഓട്ടോയില്‍നിന്നു പുറത്തേക്കു തള്ളിയിട്ടു. ദുപ്പട്ട കൊണ്ട് കണ്ണുകള്‍ കെട്ടി. ഉടുപ്പില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഇസ്രാഫിലിന്റെ കഴുത്തറുത്തു. അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രാഫ് പകച്ചുപോയി. ഇതേസമയം, കുറച്ചുമാറി നിര്‍ത്തിയ ഓട്ടോയില്‍നിന്നു സംഭവസ്ഥലത്തേക്കു റഹീമും വന്നു.

റോഡില്‍ കിടന്ന ഇഷ്ടിക കൊണ്ട് ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഉറപ്പാക്കി. ഇസ്രാഫിലിന്റെ ഓട്ടോയില്‍തന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സൈറ ദ്വാരകയിലെത്തി. റഹിം വിമാനത്തില്‍ പട്‌നയിലേക്കു മടങ്ങി. ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇസ്രാഫിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ ദുപ്പട്ടയാണു പൊലീസിനു തുമ്പായത്. പരാതിയില്‍ സൈറയെ സംശയമുണ്ടെന്നു പറഞ്ഞതും കൊലപാതകത്തില്‍ ഒരു സ്ത്രീക്കു പങ്കുണ്ടാകാമെന്ന നിഗമനത്തിനു പിന്തുണയേകി.

കൊലയ്ക്കുപയോഗിച്ച കത്തിയും സമീപത്തുനിന്നു കണ്ടെത്തി. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബര്‍ രണ്ടിന് രാത്രിയിലെ മൊബൈല്‍ ലൊക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചു. ഇസ്രാഫിലിന്റെ മൊബൈല്‍ കൂടാതെ രണ്ടെണ്ണം കൂടി ഈ പ്രദേശത്തുണ്ടായിരുന്നതായി കണ്ടെത്തി. മൊബൈലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒന്ന് കത്തിഹാറിലും മറ്റേതു ദ്വാരകയിലുമാണെന്നു വ്യക്തമായി. പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഇവിടങ്ങളിലേക്കു തിരിച്ചു.

സെപ്റ്റംബര്‍ ആറിന് നോയിഡ പൊലീസ് കത്തിഹാറിലെത്തി. രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ റഹിം വലയിലായി. ഇയാളെ ട്രെയിനില്‍ നോയിഡയിലെത്തിച്ചു. പൊലീസിന്റെ മറ്റൊരു സംഘം ദ്വാരകയില്‍ചെന്നു സൈറയെ അറസ്റ്റ് ചെയ്തു. പ്രണയത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും സൈറ മൊഴി നല്‍കിയതായി നോയിഡ എസ്എസ്പി അജയ് പാല്‍ ശര്‍മ പറഞ്ഞു.

Top