ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന മര്‍ദ്ദന കേസ് അട്ടിമറിയില്‍ എ.ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ പ്രതിക്കൂട്ടിലേക്ക്. അട്ടിമറി സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത് കുമാറിന്റെ പേര് ഉള്‍പ്പെട്ടതോടെ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് ഉടന്‍ കൈമാറും. അജിതിനെതിരെ ഉന്നത തല അന്വേഷണത്തിനാണ് നീക്കം നടക്കുന്നത്. ഇന്നലെ വൈകിട്ടാണ് എസ്ഐടിക്ക് നേതൃത്വം നല്‍കിയ എസ്പി ഷൗക്കത്തലി ഡിജിപിക്ക് ഇമെയില്‍ മുഖേന റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ നീക്കങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിന് നേതൃത്വം നല്‍കിയത് എഡിജിപി എം .ആര്‍ അജിത് കുമാര്‍ എന്ന സൂചനയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. അജിത് കുമാറിനെതിരെ അന്വേഷണ സംഘത്തിന്റേതായ വിലയിരുത്തലുകള്‍ ഇല്ലെങ്കിലും മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള മൊഴികള്‍ അതേപടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് കൈമാറും. ഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നായിരിക്കും അജിത് കുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കേസ് അട്ടിമറിക്കാന്‍ മുന്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഡി.ജി.പിക്കെതിരായ രഹസ്യമൊഴികളും കൃത്രിമം തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും പുതിയ റിപ്പോര്‍ട്ടിന്റെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ഗുരുതരമായ വകുപ്പുതല നടപടികള്‍ക്ക് വഴിവെച്ചേക്കും.
ആലപ്പുഴയില്‍ നിന്നുള്ള ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ തിരുവനന്തപുരത്തെ തന്റെ ഔദ്യോഗിക ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേസ് ഡയറി നിര്‍ബന്ധപൂര്‍വ്വം തിരുത്തിച്ചെന്നാണ് മുന്‍ അന്വേഷണ സംഘം എസ്.ഐ.ടിക്ക് നല്‍കിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ ഗണ്‍മാന്‍മാര്‍ക്കെതിരെ തെളിവില്ലെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികളെ പൂര്‍ണ്ണമായി രക്ഷപ്പെടുത്താനുമായിരുന്നു ഈ തിരുത്തല്‍.
എ.ഡി.ജി.പിയുടെ പൂര്‍ണ്ണമായ അറിവോടെയും നിര്‍ദ്ദേശപ്രകാരവും ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്നാണ് രേഖകളില്‍ കൃത്രിമം കാണിച്ചതെന്നും ഭീഷണിപ്പെടുത്തിയതെന്നും ആദ്യ അന്വേഷണ സംഘം മൊഴി നല്‍കിയിട്ടുണ്ട്. എസ്.ഐ.ടിയുടെ വിശദമായ ചോദ്യം ചെയ്യലില്‍ ഗ്രേഡ് എസ്.ഐമാര്‍ തങ്ങള്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയതെന്ന് ഒടുവില്‍ സമ്മതിക്കുകയുണ്ടായി.
ഈ നിര്‍ണ്ണായക മൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്രിമം നടന്ന എ.ഡി.ജി.പിയുടെ ഓഫീസിലടക്കം എസ്.ഐ.ടി നേരിട്ടെത്തി ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. അട്ടിമറി നടന്ന ദിവസങ്ങളിലെ സന്ദര്‍ശക രജിസ്റ്റര്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പരിശോധിച്ച അന്വേഷണസംഘം, ആലപ്പുഴയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയ സമയത്ത് എ.ഡി.ജി.പിയും ഓഫീസില്‍ നേരിട്ടുണ്ടായിരുന്നുവെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ഡിസംബര്‍ 15-ന് മുന്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. നവകേരള സദസ്സിന്റെ വാഹനത്തിന് നേരെ കറുത്ത കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.
നിലവില്‍ ആലപ്പുഴ എം.എല്‍.എയായ എ.ഡി. തോമസ് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റിരുന്നു. ഈ ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയടക്കം പുറത്തുവന്നിട്ടും പ്രതികളായ ഗണ്‍മാന്‍മാരെ സംരക്ഷിക്കാന്‍ മുന്‍ അന്വേഷണസംഘത്തെ ഉപയോഗിച്ച് ഉന്നതതലത്തില്‍ അട്ടിമറി നടത്തുകയായിരുന്നു. എസ്.ഐ.ടി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന പോലീസ് മേധാവി ഇനി എന്ത് തുടര്‍ന്നടപടി സ്വീകരിക്കുമെന്നാണ് പൊതുസമൂഹവും രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.


