‘മധുര കാമരാജ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ ഡോക്ടറേറ്റ് ബിരുദം വരെ’; വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. സ്വകാര്യ ആര്‍ട്‌സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ അറുപ്പുക്കോട്ട പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അറസ്റ്റ് ചെയ്തത്. ബി.എസ്.സി മാത്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലു പേരെയാണ് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചത്. സംഭവം വിവാദമായതോടെ അറസ്റ്റ് ഭയന്ന് വീട് അടച്ചുപൂട്ടി അകത്ത് കഴിയുകയായിരുന്ന അധ്യാപിക. പൊലീസ് മൂന്ന് മണിക്കൂറിലെ കാത്തിരിപ്പിനുശേഷം വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഐ.എ.എസ് ഓഫിസറായ സന്താനത്തിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഉത്തരവിട്ടു. അസി. വനിത പ്രഫസറെ കോളജ് മാനേജ്മന്റെ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുപത് മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. അനുകൂല തീരുമാനമെടുത്താല്‍ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നും സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിര്‍മലാദേവി വിദ്യാര്‍ഥിനികളെ വശത്താക്കാന്‍ ശ്രമിച്ചത്.

Top