തിരുവനന്തപുരം മംഗലപുരം സ്വർണ്ണക്കവർച്ച: മോഷണ സംഘത്തിലെ മുഖ്യൻ അറസ്റ്റിൽ

 

തിരുവനന്തപുരം: നാലു മാസം മുൻപ് ദേശീയപാതയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ചു നൂറ് പവൻ സ്വർണവും പണവും കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനായ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ അടക്കം മൂന്നു പ്രതികളെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

മുഖ്യ ആസൂത്രകനായ കന്യാകുമാരിക്കടുത്ത് പുതുഗ്രാമം സ്വദേശി ചെന്നൈ അമ്ബട്ടൂരിലെ ഫ്‌ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് ക്ലമന്റ് (56), കൂട്ടാളികളായ കന്യാകുമാരി പളുക്കൽ, മുഴുങ്ങുവിള അശ്വതി ഭവനിൽ സതീഷ് കുമാർ (40), പാലക്കാട് ആലത്തൂർ പിച്ചൺകോട് വീട്ടിൽ അജീഷ് (30) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 40 പവനോളം സ്വർണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും കണ്ടെടുത്തു. സ്വർണ വ്യാപാരിയിൽ നിന്ന് കവർന്ന 75ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ നേരത്തെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 40 പവൻ കണ്ടെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ വ്യാപാരിയായ സമ്പത്തിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. സമ്ബത്ത് പലയിടങ്ങളിലേയും ജുവലറികളിലേക്ക് സ്വർണം കൊണ്ടുപോകാറുണ്ടെന്ന വിവരം ഇയാളുടെ നെയ്യാറ്റിൻകര ജുവലറിയിലെ ജീവനക്കാരനായ അജീഷ് സുഹൃത്തും ലോറി ഡ്രൈവറുമായ സതീഷിനോട് പറഞ്ഞതോടെയാണ് കവർച്ചയ്ക്ക് കളമൊരുങ്ങിയത്. സതീഷും സന്തോഷും ചേർന്ന് പദ്ധതിയിട്ടശേഷം കഴക്കൂട്ടത്തെ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തുകയായിരുന്നു.

ഈ സംഘം രണ്ട് മാസത്തോളം സമ്പത്തിനെ നിരീക്ഷിച്ചു. ഏപ്രിൽ 9ന് രാത്രി കാറുകളിലും ബൈക്കുകളിലുമായെത്തിയ സംഘം സമ്ബത്തിന്റെ കാർ തടഞ്ഞ് ആക്രമിച്ചാണ് കവർച്ച നടത്തിയത്. സമ്പത്തിനെയും ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും മർദ്ദിച്ച് പോത്തൻകോട് ഭാഗത്ത് തള്ളി. തുടർന്ന് ഇവരുടെ കാർ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടാകാത്തതിനാൽ ഉപേക്ഷിച്ചു.

സന്തോഷിന്റെ തമിഴ്‌നാട്ടിലെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി ബന്ധം പുലർത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. സതീഷ് സ്പിരിറ്റ് കടത്ത് സംഘത്തിലെ അംഗമാണ്. എക്‌സൈസിൽ ഇയാൾക്കെതിരെ കേസുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ.സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

Top