തിരുവനന്തപുരം: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീക്ഷേത്രത്തിലെ ഭീമാകാര ശിവലിംഗം ഉയരുന്നു. ചുവട്ടില്‍ 65 അടി വ്യാസത്തില്‍ 101 അടി ഉയരത്തില്‍ പടുത്തുയര്‍ത്തുന്ന ശിവലിംഗത്തിന്റെ ഉള്ളില്‍ ഏഴ് തട്ടുകളുണ്ട്. പത്തുനിലക്കെട്ടിടത്തിന്റെ ഉയരവും അത്രതന്നെ ചുറ്റളവുമുള്ള ശിവലിംഗ രൂപം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ പട്ടേല്‍ പ്രതിമ ഉത്ഘാടനത്തിനിടെയാണ് ചെങ്കലിലെ ശിവലിംഗവും വാര്‍ത്തയാകുന്നത്.
ശിവലിംഗത്തിനുള്ളില്‍ ഏറ്റവും ഉയരത്തിലായി കൈലാസം, അവിടേക്ക് ശിവലിംഗത്തിന്റെ ഉള്‍ഭിത്തി ചുറ്റിക്കയറുന്ന ഗുഹാമാര്‍ഗത്തിനു സമാനമായ നടപ്പാത. ചിത്രപ്പണികളും കൊത്തുവേലകളും ശില്‍പങ്ങളും പിന്നിട്ടു ഗുഹയിലെ ചുറ്റുവഴിയിലൂടെ നടന്നു കയറുമ്പോള്‍ ഉള്ളില്‍ എട്ടു നിലകള്‍. ആദ്യനിലയില്‍ 108 ശിവലിംഗങ്ങളുടെ സമഗ്ര പ്രതിഷ്ഠ. അവിടെ സന്ദര്‍ശകര്‍ക്കു സ്വയം വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാന്‍ സൗകര്യം. കുണ്ഡലിനിയില്‍നിന്നു മൂര്‍ധാവില്‍ വരെയെത്തി വിരിയുന്ന ശിവചൈതന്യത്തിന്റെ വിവിധ അവസ്ഥകള്‍ അനുഭവവേദ്യമാക്കുന്ന ആറു ധ്യാനമണ്ഡപങ്ങള്‍ തുടര്‍ന്ന്.
‘പടിയാറും കടന്ന്’ ചെല്ലുമ്പോള്‍ മഞ്ഞുമൂടിയ ഹിമവല്‍ശൃംഗങ്ങള്‍ക്കിടയില്‍ കൈലാസേശ്വരനായും പാര്‍വതീസമേതനായും ശിവന്‍. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയതെന്നു കരുതുന്ന ശിവലിംഗവും ഉള്ളിലെ അദ്ഭുതക്കാഴ്ചകളും ഒരുങ്ങുന്നത് നെയ്യാറ്റിന്‍കരയ്ക്കു സമീപം ചെങ്കലില്‍ പ്രസിദ്ധമായ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രത്തിലാണ്. പുതുവര്‍ഷാരംഭത്തില്‍ വിശ്വാസികള്‍ക്കായി ഇതു തുറന്നുകൊടുക്കാനാകുമെന്നു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. കൈലാസത്തിലേക്കു ഹിമവാന്റെ സപ്തഗിരികള്‍ കടന്നുപോകുന്ന രീതിയിലാണു ഗുഹാമാര്‍ഗങ്ങളിലൂടെയുള്ള നടപ്പാത.
പാതയില്‍ കൊത്തുപണികള്‍ ഒരുക്കുന്ന ജോലിയാണ് അന്തിമഘട്ടത്തിലുള്ളത്. 2012 മേയ് മൂന്നിനാണു ശിവലിംഗത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഇതിന്റെ നിര്‍മാണത്തിനു മുമ്പായി രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളില്‍ സ്വാമി തീര്‍ഥാടനം നടത്തിയാണു രൂപകല്‍പന നടത്തിയത്. ക്ഷേത്രത്തിലെ വായുകോണില്‍ ത്രിവേണീസംഗമം ഉള്‍പ്പെടെ പുണ്യതീര്‍ഥങ്ങളിലെ ജലവും വിവിധ പുണ്യ സ്ഥലങ്ങളിലെ മണ്ണും പഞ്ചലോഹങ്ങളും നവരത്നങ്ങളും അഷ്ടധാന്യങ്ങളും ദശപുഷ്പങ്ങളും 64 ദിവ്യ ഔഷധങ്ങളും പഞ്ചഭൂതക്ഷേത്രങ്ങളില്‍നിന്നുള്ള പ്രസാദവും സമന്വയിപ്പിച്ച കൂട്ട് അടിസ്ഥാനമാക്കിയായിരുന്നു ശിവലിംഗ നിര്‍മാണം.
പ്രധാന ശിവക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെ അതേ സവിശേഷതയില്‍ 12 ജ്യോതിര്‍ലിംഗ പ്രതിഷ്ഠയും 32 ഭാവങ്ങളിലുള്ള ഗണപതി പ്രതിഷ്ഠയുംകൊണ്ടു വേറിട്ട ദര്‍ശനം ഒരുക്കുന്ന മഹേശ്വരം ക്ഷേത്ര വിഗ്രഹത്തില്‍ ശിവനും പാര്‍വതിയും ഉപവിഷ്ടരായിരിക്കുന്നതും ഒരേ പീഠത്തിലാണ്. ആറാടുന്നതും ഒരുമിച്ച്. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ ഉദിയന്‍കുളങ്ങരയിലെത്തി വലത്തേക്കു തിരിഞ്ഞു വ്ലാത്താങ്കര റൂട്ടിലൂടെ രണ്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ മഹേശ്വരം ക്ഷേത്രത്തിലെത്താം. നെയ്യാറ്റിന്‍കര- പൂവാര്‍ റോഡിലൂടെ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു പിരായുംമൂട്ടിലെത്തി ഇടത്തേക്കു തിരിഞ്ഞു വട്ടവിള റോഡിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താനാവും.


