മോഹന്‍ ലാല്‍ നായകനായി വരാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു മഹാഭാരതം. എന്നാല്‍ തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായരുമായുള്ള കരാര്‍ ലംഘനം കോടതി കയറിയപ്പോള്‍ പടം പാതിവഴിയില്‍ നിന്നു. എന്നാല്‍ ചിത്രത്തിനായി ആയിരം കോടി മുതല്‍ മുടക്കാനിരുന്ന നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി മഹാഭാരതത്തെ വിടുന്ന മട്ടില്ല.
എംടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ നിരവധി ഹിന്ദു നേതാക്കന്മാരും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതനെയെല്ലാം അതിജീവിക്കാനായി ആര്‍എസ്എസ് പിന്തുണയോടെ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹാഭാരതം സിനിമ ആരംഭിക്കാന്‍ ഹിന്ദു സംഘടനായ ആര്‍.എസ്.എസിന്റെ അനുവാദം വേണമെന്നും തിരക്കഥാകൃത്തിനെ നിശ്ചയിക്കാന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സഹായം താന്‍ തേടിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി വെളിപ്പെടുത്തി.
മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് നടീനടന്മാരെ തീരുമാനിച്ചിട്ടില്ലെന്നും അനുയോജ്യമായ തിരക്കഥ മാത്രമാണ് ഇപ്പോള്‍ തേടുന്നതെന്നും ഷെട്ടി മറുപടി നല്‍കി. താന്‍ നിര്‍മ്മിക്കുന്ന പുതിയ മഹാഭാരതം മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യാസമുള്ളതായിരിക്കുമെന്നും ഷെട്ടി സൂചന നല്‍കി. രണ്ടാമൂഴം 1000 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും ബി.ആര്‍. ഷെട്ടി നിര്‍മ്മിച്ച് ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും ലാല്‍ അന്ന് പറഞ്ഞിരുന്നു.