ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 37 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും നവി മുംബൈയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് വൈറസ് ബാധ ഇന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ പേരിലേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തരയോഗം ചേരുകയാണ്.
അതീവ ജാഗ്രതയിലാണ് നഗരം. ദിവസവും 1000 പേരെ പരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും മാര്‍ച്ച് അവസാനം വരെ അടച്ചിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ നിശാ ക്ലബ്ബുകള്‍, ജിം, സ്പാ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വിവാഹങ്ങളും മറ്റു പരിപാടികളും നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
50 ലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മത സാമൂഹികസാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ കഴിഞ്ഞ ആഴ്ചതന്നെ അടച്ചുപൂട്ടിയിരുന്നു. വിവാഹങ്ങള്‍ക്ക് വിലക്കില്ലെങ്കിലും സ്വമേധയാ നീട്ടിവെക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഏഴ് കൊറോണ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ സുഖംപ്രാപിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു.