ദില്ലി: അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഉപേക്ഷിച്ചു. ട്വിറ്ററില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ധോണി സ്ഥാനം ഒഴിഞ്ഞത്. ഒരു സംഘം ആളുകള്‍ ധോണിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ പണി പൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
നോയിഡയിലാണ് അമ്രപാലി അപ്പാര്‍ട്ട്‌മെന്റുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ശക്തമായതോടെ അംബാസഡര്‍ സ്ഥാനം ഒഴിയാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. പ്രൊജക്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ധോണി കമ്പനിയില്‍ സര്‍മ്മദ്ദം ചെലുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം കമ്പനിയെ ബോധ്യപ്പെടുത്തുമെന്ന് ധോണി മറുപടിയും നല്‍കിയിരുന്നു. ഇതിനിടെയാണ് അംബാസിഡര്‍ സ്ഥാനം ധോണി ഉപേക്ഷിച്ചത്.
ധോണി അംബാസിഡര്‍ സ്ഥാനത്തു നിന്നും ഒഴിവായതായി അമ്രപാലി ചെയര്‍മാനും എം.ഡിയുമായ അനില്‍ ശര്‍മ്മ പറഞ്ഞു. തങ്ങളുടെ സ്ഥാപനവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കാന്‍ പാടില്ലെന്നും അംബാസിഡര്‍ സ്ഥാനം ഒഴിയാനുളള തീരുമാനം തങ്ങളും ധോണിയും ഒരുമിച്ചെടുത്തതാണെന്നും ശര്‍മ്മ വ്യക്തമാക്കി.