പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി! ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയന്‍;എസ്. ശ്രീജിത്ത് പുതിയ ജയില്‍ മേധാവി; ക്രൈം ബ്രാഞ്ച് മേധാവിയായി എച്ച്. വെങ്കിടേഷ്; ഇന്റലിജന്‍സ് തലപ്പത്തേക്ക് ദിനേന്ദ്ര കശ്യപ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി. ഭരണപരമായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍, കോഴിക്കോട് സിറ്റി കമ്മീഷണര്‍, ക്രൈം ബ്രാഞ്ച് ഐജി, പോലീസ് ആസ്ഥാനത്തെ എഐജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക പദവികള്‍ ഉണ്ടാക്കിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഈ അഴിച്ചുപണിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഇന്റലിജന്‍സ് എഡിജിപിയായിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള (Law and Order) പുതിയ എഡിജിപിയായി നിയമിച്ചതാണ്. സൈബര്‍ ഓപ്പറേഷന്‍സിന്റെ പൂര്‍ണ്ണ അധിക ചുമതലയും ഇനി മുതല്‍ ഇദ്ദേഹത്തിനായിരിക്കും. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ ജയില്‍ മേധാവിയായും, പകരം ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായും മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ പൂര്‍ണ്ണ ചുമതല എച്ച്. വെങ്കിടേഷിന് നല്‍കുമ്പോള്‍, ദിനേന്ദ്ര കശ്യപാണ് പുതിയ ഇന്റലിജന്‍സ് എഡിജിപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എജി, ഡിഐജി തലങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ട്. ഹര്‍ഷിത അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായും, ആര്‍. നിശാന്തിനിയെ ഇന്റലിജന്‍സ് ഐജിയായും നിയമിച്ചു. ഇന്റലിജന്‍സ് ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ പുതിയ ക്രൈം ബ്രാഞ്ച് ഐജിയാക്കി. കണ്ണൂര്‍ റേഞ്ച് ഡിഐജിയായിരുന്ന യതീഷ് ചന്ദ്ര ജി.എച്ചിനെ എറണാകുളം റേഞ്ച് ഡിഐജിയായും, തൃശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന നാരായണന്‍ ടി.യെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായും സ്ഥലംമാറ്റി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാര്‍ത്തിക് കെ.യെ തൃശൂര്‍ റേഞ്ച് ഡിഐജിയാക്കിയപ്പോള്‍, എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍.

വിവിധ ജില്ലകളിലെ പോലീസ് മേധാവിമാരുടെ (SP/DPC) തസ്തികകളിലും വലിയ മാറ്റങ്ങളുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി എ.പി.യാണ് പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. കോഴിക്കോട് കമ്മീഷണറായിരുന്ന മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായും, കോഴിക്കോട് റൂറലിലുണ്ടായിരുന്ന ഫരാഷ് ടി.യെ എറണാകുളം കോസ്റ്റല്‍ പോലീസ് എഐജിയായും മാറ്റി. കണ്ണൂര്‍ സിറ്റി കമ്മീഷണറായിരുന്ന നിധിന്‍രാജ് പി.യെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയാക്കിയപ്പോള്‍, കാസര്‍ഗോഡ് ഡിപിസി ആയിരുന്ന ബി.വി. വിജയ ഭാരത് റെഡ്ഡിയെ കണ്ണൂര്‍ സിറ്റി കമ്മീഷണറായി നിയമിച്ചു.

കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന പ്രശാന്തന്‍ കാണി ബി.കെ. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയാകും. ഇടുക്കി ഡിപിസി ആയിരുന്ന സാബു മാത്യു കെ.എം. കോട്ടയം ജില്ലാ പോലീസ് മേധാവിയാകുമ്പോള്‍, ഡോ. നസീം എ. ആണ് പുതിയ ഇടുക്കി ഡിപിസി. കേരള വനിതാ കമ്മീഷന്‍ ഡയറക്ടറായിരുന്ന ഷാജി സുഗുണനെ കൊല്ലം റൂറല്‍ ജില്ലാ പോലീസ് ചീഫായി നിയമിച്ചു. കൊല്ലം റൂറലിലുണ്ടായിരുന്ന വിഷ്ണു പ്രദീപ് ടി.കെ.യെ ആലപ്പുഴ ഡിപിസി ആയും, ആലപ്പുഴ ഡിപിസി ആയിരുന്ന മോഹനചന്ദ്രന്‍ നായരെ കോഴിക്കോട് & വയനാട് ക്രൈം ബ്രാഞ്ച് എസ്പിയായും മാറ്റി നിയമിച്ചു.

അബ്ദുല്‍ റഷീദ് എ. പാലക്കാട് ജില്ലാ പോലീസ് മേധാവിയാായും, എസ്. ദേവ മനോഹര്‍ വയനാട് ജില്ലാ പോലീസ് മേധാവിയായും ചുമതലയേല്‍ക്കും. റെയില്‍വേ എസ്പിയായിരുന്ന മുഹമ്മദ് നദീമുദ്ദീനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായും, അവിടെയുണ്ടായിരുന്ന ബി. കൃഷ്ണകുമാറിനെ പകരം പുതിയ റെയില്‍വേ എസ്പിയായും മാറ്റി നിയമിച്ചു. ടെലികോം എസ്പി ഉമേഷ് ഗോയലിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയാക്കിയപ്പോള്‍, കണ്ണൂര്‍ റൂറലിലുണ്ടായിരുന്ന അനുജ് പാലിവാല്‍ പോലീസ് ആസ്ഥാനത്തെ പുതിയ എഐജി (ലോ ആന്‍ഡ് ഓര്‍ഡര്‍) ആകും. എറണാകുളം കോസ്റ്റല്‍ പോലീസ് എഐജി ആയിരുന്ന സി.എസ്. ഷാഹുല്‍ ഹമീദിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് എസ്പിയായും സ്ഥലംമാറ്റിയിട്ടുണ്ട്.

 

Top