പാലക്കാട്: പല അഴിമതി വാര്‍ത്തകള്‍ പുറംലോകം അറിയാതെ പോകുന്നു. പണം വാരിയെറിഞ്ഞ് വന്‍ കമ്പനികള്‍ ഇപ്പോഴും അഴിമതികള്‍ തുടരുന്നു. മാധ്യമപ്രവര്‍ത്തകരും ഇതിനു കൂട്ടുനില്‍ക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലബാര്‍ സിമന്റ്‌സിന്റെ അഴിമതി കഥകള്‍ വിലിച്ചൊട്ടിച്ചിരിക്കുകയാണ്.
പാലക്കാട്ടെ പ്രമുഖ പത്രങ്ങള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ആവശ്യത്തിന് പണവും സമ്മാനങ്ങളും നല്‍കിയാണ് മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാര്‍ വാര്‍ത്തകള്‍ മുക്കിയത്. ചിലര്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യ സിമന്റ്, പത്രങ്ങള്‍ക്ക് ലക്ഷങ്ങളുടെ പരസ്യം നല്‍കുന്നതിനൊപ്പം കൂറ് നിലനിര്‍ത്താന്‍ ഓരോ പത്രത്തിനും പ്രചാരവര്‍ധനവിന് പ്രത്യേക ഫണ്ട്, പത്രപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ വേറെയും.
എല്ലാറ്റിനും കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നുള്ള പണമാണ് വിനിയോഗിച്ചത്്. ജില്ലയില്‍ മുന്‍നിരയിലുള്ള രണ്ടു പത്രങ്ങളാണ് അഴിമതിവാര്‍ത്തകള്‍ മൂടിവയ്ക്കാന്‍ മല്‍സരിച്ചത്. കെ.പത്മകുമാര്‍ എം.ഡിയായതിനുശേഷം 2013 മുതല്‍ നടത്തുന്ന അഴിമതികളൊന്നും ഈ പത്രങ്ങള്‍ വാര്‍ത്തയാക്കിയില്ല. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്ത് നല്‍കിയ പരാതിയില്‍ ത്വരിത പരിശോധന നടത്തിയ വാര്‍ത്തകള്‍ പോലും ഇവര്‍ മുക്കി. അപ്പോഴും മംഗളം ഉള്‍പ്പെടെയുള്ള ചെറുകിട പത്രങ്ങള്‍ മാത്രം വാര്‍ത്തകള്‍ നല്‍കി. ഏറ്റവും ഒടുവില്‍ ജോയ് കൈതാരത്തിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ട് ഹൈക്കോടതി അടിയന്തരമായി കേസെടുക്കാന്‍ ഉത്തരവിറക്കിയ ശേഷമാണ് രണ്ടു പത്രങ്ങളും മലബാര്‍ സിമന്റ്സ് അഴിമതി വാര്‍ത്തകള്‍ കൊടുക്കാന്‍ തയ്യാറായത്.
രണ്ടു പ്രമുഖ പത്രങ്ങളിലെയും ഉന്നതസ്ഥാനത്തുള്ളവര്‍ക്ക് പത്മകുമാറുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. ഇവര്‍ വഴിയാണ് വാര്‍ത്തകള്‍ മുക്കിയിരുന്നത്. പ്രത്യുപകാരമായി പല സമ്മാനങ്ങളും ഇവര്‍ക്ക് ലഭിച്ചു. വീട് നിര്‍മ്മാണത്തിന് സിമന്റ് നല്‍കിയെന്ന് പറയുന്നുണ്ട്. ഒരു പത്രത്തിലെ റിപ്പോര്‍ട്ടറുടെ പേരിലുള്ള ട്രസ്റ്റിന് 2014-15 വര്‍ഷത്തില്‍ 16.7 ലക്ഷം രൂപയാണ് നല്‍കിയത്. ലക്ഷങ്ങളുടെ പരസ്യം നല്‍കിയതിനു പുറമെ പത്രങ്ങളുടെ പ്രചാരവര്‍ധനയ്ക്കു നടപ്പാക്കുന്ന പദ്ധതിയിലേക്ക് മാതൃഭൂമിക്ക് 2013-14, 2014-15 വര്‍ഷങ്ങളിലായി 1,24,800 രൂപയും മലയാള മനോരമക്ക് 50,000 രൂപയും മംഗളത്തിന് 15,000 രൂപയും നല്‍കിയതായി കമ്പനിയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്.
ഇതിനുപുറമെ പാലക്കാട് നഗരത്തിനടുത്തുള്ള പുനരധിവാസകേന്ദ്രത്തിന് മൂന്നു തവണയായി 14.75 ലക്ഷവും നല്‍കിയിട്ടുണ്ട്. ഈ കേന്ദ്രത്തില്‍ എം.ഡി സ്ഥിരം സന്ദര്‍ശകനായിരുന്നു. ഓഫീസില്‍ പോലും വരാതെ കേന്ദ്രത്തില്‍ പോവുന്നത് കമ്പനിക്കകത്ത് വിവാദമാവുകയും ചെയ്തു. ചെറുകിട പത്രങ്ങളില്‍ അഴിമതി വാര്‍ത്തകള്‍ വന്നാല്‍ അതിനുള്ള എം.ഡിയുടെ മറുപടി നല്‍കുന്നതില്‍ ഒരു പ്രമുഖ പത്രം അമിത താല്‍പ്പര്യം കാണിച്ചിരുന്നുവെന്ന് കമ്പനിയിലെ ഉദ്വോഗസ്ഥര്‍ പറഞ്ഞു. മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടിയതോടെ കമ്പനി എം.ഡിയും കൂട്ടാളികളും നടത്തുന്ന അഴിമതികള്‍ പുറത്തുവരാതായി. ജോയ്്് കൈതാരത്തിന്റെ ഇടപെടലാണ് ഇപ്പോള്‍ ഇതെല്ലാം പുറത്തുകൊണ്ടുവന്നത്.
മലബാര്‍ സിമന്റ്്്സ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ഇതുവരെ 2.5 കോടിയാണ് വിനിയോഗിച്ചരിക്കുന്നത്്. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും തനിക്ക്് അനുകൂലമായി വാര്‍ത്തകള്‍ എഴുതാനുമാണ് ഈ ഫണ്ടില്‍ കൂടുതലും ചെലവഴിച്ചിരിക്കുന്നത്്. ഇതേക്കുറിച്ച്്് വിശദമായി അന്വേഷിക്കണമെന്നും വിജിലന്‍സിന്റെ അന്യേഷണപരിധിയില്‍ ഇതുള്‍പ്പെടുത്തണമെന്നും പരാതിക്കാരനായ ജോയ് കൈതാരത്ത്്് പറഞ്ഞു.
മലബാര്‍ സിമന്റ്സ് എംഡിയായ പത്മകുമാറിന് മതിയായ യോഗ്യതയില്ലെന്ന് പറഞ്ഞ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.തൃശ്ശൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സ് കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. ഈ കേസുകള്‍ നിലനില്‍ക്കെയാണ് 28.63 കോടിയുടെ നാല് അഴിമതിക്കേസുകളില്‍ കൂടി എം.ഡി കെ.പത്മകുമാര്‍ പ്രതിയായിരിക്കുന്നത്. എന്നിട്ടും പത്മകുമാറിനെതിരെ നടപടിയെടുക്കാനോ എം.ഡി സ്ഥാനത്ത് നിന്നു മാറ്റാനോ തയ്യാറാകാത്ത നടപടിയും വിവാദമാണ്.