
ദില്ലി: മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്നാണ് കോടതിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്. അതേസമയം, കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധി പ്രകാരം സ്‌കൂള്‍ ഈ മാസം എട്ടിനകം അടക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് യുപി സ്‌കൂള്‍ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്‌കൂള്‍ സംരക്ഷണസമിതി സ്‌കൂളിന് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.