കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ മല്ലിക സുകുമാരന് മക്കള്‍ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും കുറിച്ച് പറയാന്‍ മല്ലികയ്ക്ക് നൂറുനാവാണ്. അതുപോലെ തന്നെ മരുമക്കളെയും. രണ്ട് പെണ്‍കുട്ടികളും മിടുക്കികളാണെന്നാണ് മല്ലിക പറയുന്നത്. ഇന്ദ്രന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള ആളാണ് പൂര്‍ണിമയെന്നും പൃഥ്വിയുടെ മുന്‍കോപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സുപ്രിയയ്ക്ക് വലിയൊരു പങ്കുണ്ടെന്നും മല്ലിക പറഞ്ഞു.
എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ‘ചേച്ചി നന്നായിട്ട് സംസാരിക്കും. മരുമക്കള്‍ ഇതുപോലെ സംസാരിക്കുമോ’ എന്ന്. അവരൊക്കെ നന്നായിട്ട് സംസാരിക്കുന്നവരാണ്. പക്ഷേ ഞാന്‍ തന്നെ അവരോട് പറഞ്ഞിട്ടുണ്ട് ‘ മോളേ, അമ്മയുടെ കാലമല്ല ഇപ്പോള്‍. സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ച് മതി’യെന്ന്.രണ്ട് മരുമക്കളും നല്ല കുട്ടികളാണ്. എനിക്കുള്ള ഏറ്റവും വലിയ സന്തോഷം എന്റെ മക്കള്‍ക്ക് അനുസരിച്ചുള്ള മരുമക്കളെ കിട്ടിയെന്നുള്ളതാണ്. ഇന്ദ്രന്റെ സ്വഭാവത്തിന് ചേര്‍ന്ന മരുമകളാണ് പൂര്‍ണിമ. രാജുവിന്റെ എടുത്തുചാട്ടവും മുന്‍കോപവും മിടുമിടുക്കിയായി സുപ്രിയ നിയന്ത്രിക്കുന്നുണ്ട്. പുറത്തുകാണുന്ന പലര്‍ക്കും അറിയില്ല പൃഥ്വി വളരെ ദേഷ്യക്കാരനാണെന്ന്.
സുപ്രിയ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. സ്വാഭാവികമായിട്ടും കേരളത്തിലെ ഗ്രാമത്തിലെ പെണ്‍കുട്ടികളെപ്പോലെ തുളസിക്കതിരും ചൂടി അമ്പലത്തില്‍പ്പോയി തൊഴുന്ന ഒരു പാരമ്പര്യമല്ല സുപ്രിയുടേത്. അവള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കലും പഠിക്കലുമാണ്. പൂര്‍ണിമയും പല പ്രവൃത്തികളിലും മുഴുകുന്നു.രണ്ട് പേര്‍ക്കും അവരുടെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ഒരു പരസഹായം വേണ്ടിവന്നിട്ടില്ല. രാജുവിന് അച്ഛന്‍ സുകുയേട്ടനെപ്പോലെ മുന്‍കോപം ഉള്ളത് പുറത്തുനിന്നുള്ളവര്‍ക്ക് അറിയില്ല. എല്ലാവരുടെയും വിചാരം രാജുവിനെ ചുരുട്ടി കൈയില്‍ വെയ്ക്കാമെന്നാണ്. ഈ അറുപത്തി രണ്ട് കൊല്ലമായി എനിക്ക് അതിന് പറ്റിയിട്ടില്ല. പിന്നല്ലേ സുപ്രിയയ്ക്ക്.ഇന്ദ്രനും പെട്ടെന്ന് ദേഷ്യം വരാറുണ്ട്. എന്നാല്‍ അവന്‍ പെട്ടെന്ന് ഒതുങ്ങും. രാജുവാണെങ്കില്‍ പഴയമൂഡിലെത്താന്‍ കുറച്ച് സമയം എടുക്കും.