ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്ക് നേരെയുള്ള ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതുവരെ തയ്യാറായിട്ടില്ല. മോദി പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് മമത ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.
മോദി രാജി വെച്ചതിന് ശേഷം ആര് പ്രധാനമന്ത്രിയാകണം എന്നത് സംബന്ധിച്ചും മമതയ്ക്ക് നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി മോദിയെ പുറത്താക്കി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ നേതൃത്വത്തില്‍ ‘ദേശീയ സര്‍ക്കാര്‍’ വേണമെന്ന ആവശ്യവുമായി രംഗത്ത്. അഡ്വാനിയെ കൂടാതെ രാജ്യത്തെ നയിക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി അരുണ്‍ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ പേരും മമത മുന്നോട്ടുവച്ചു.
മോദിയെ മാറ്റി രാജ്യത്തെ ദേശീയ സര്‍ക്കാര്‍ സ്ഥാപിക്കണമെന്ന് മമത പറയുന്നു. നരേന്ദ്ര മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ രാഷ്‌ട്രപതി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നിക്കണമെന്നും മമത ചൂണ്ടിക്കാട്ടുന്നു.