കൊച്ചി: തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റില്‍. തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയ തീവ്രവാദക്കേസിലെ 24-ാം പ്രതിയായിരുന്ന മൂവാറ്റുപുഴ സ്വദേശി മമ്മാലി ഉസ്‌താദ് എന്നുവിളിക്കുന്ന മുഹമ്മദാലിയാണ് മൂവാറ്റുപുഴ സ്വദേശി മുഹമ്മദലി ഇബ്രാഹിം എന്ന അംജത്തിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ പിടിയിലായത്. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അറസ്‌റ്റിലായവര്‍ പത്തായി.
കോടതി വെറുതേവിട്ടതാണെങ്കിലും കൈവെട്ടുകേസിലെ പ്രതി സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായതു കേസിന്റെ തീവ്രവാദബന്ധം തെളിയിക്കുന്നതില്‍ നിര്‍ണായകമാണെന്നാണ് എന്‍.ഐ.എ. വിലയിരുത്തല്‍. പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. കേസില്‍ തീവ്രവാദബന്ധം തെളിയിക്കുന്ന റിപ്പോര്‍ട്ട് നാളെ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിക്കും.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ പലവഴിക്കു സാമ്പത്തികസഹായമെത്തുന്ന തീവ്രവാദസംഘടനകള്‍ക്ക് രാജ്യാന്തരഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണു കൈവെട്ടുകേസില്‍ എന്‍.ഐ.എ. കണ്ടെത്തിയത്. സ്വര്‍ണക്കടത്തുവഴിയുള്ള ധനം സംഘടനാപ്രവര്‍ത്തനത്തിനും കേസില്‍പ്പെട്ടവരുടെ കുടുംബചെലവിനും കേസ് നടത്തിപ്പിനും മറ്റുമായി വിനിയോഗിക്കുന്നതായും സംശയിക്കുന്നു. ഇവരുടെ പേരില്‍ വിദേശത്തു പിരിക്കുന്ന പണമാണു സ്വര്‍ണമായും ഹവാലയായും ഇന്ത്യയില്‍ എത്തുന്നത്.
എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദാലി നേരത്തെ സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിന്റെ അടുത്തയാളാണ്. അംജത്ത് ഡ്രൈവറും. കേസിലെ മുഖ്യകണ്ണികളിലൊരാളായ പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. മടിശീല സ്വര്‍ണം വില്‍പനയായിരുന്നു പ്രധാന ഇടപാട്. കല്യാണാവശ്യത്തിനും മറ്റും സ്വര്‍ണാഭരണങ്ങള്‍ നേരിട്ട് ആവശ്യക്കാര്‍ക്കു നല്‍കുന്ന രീതിയാണിത്.
കസ്‌റ്റഡിയിലുള്ള നാലാംപ്രതി കെ.ടി. റമീസില്‍ നിന്നാണു മുഹമ്മദാലിയെയും അംജത്തിനെയും കുറിച്ചു വിവരം ലഭിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ചു റമീസ് ഇരുവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24, 26 തീയതികളിലാണ് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ചു വിതരണം ചെയ്‌തത്. സ്വര്‍ണം വാങ്ങിയത് മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ ഇ. സെയ്‌തലവി (ബാവ), പി. മുഹമ്മദ് ഷാഫി, പി.ടി. അബ്‌ദു എന്നിവരാണ്. ഇവരെ കസ്‌റ്റംസ് നേരത്തെ പിടികൂടിയിരുന്നു.
പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുഹാര്‍ഡ് ഡിസ്‌ക്ക്, ടാബ്‌ലെറ്റ്, എട്ടു മൊബൈല്‍ ഫോണ്‍, ആറു സിംകാര്‍ഡ്, ഡിജിറ്റല്‍ ഓഡിയോ റെക്കോര്‍ഡര്‍, അഞ്ചു ഡിവിഡി, പാസ്‌ബുക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യാത്രാ രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
റമീസിനും കോടതി അറസ്‌റ്റ് വാറന്റ പുറപ്പെടുവിച്ചിട്ടുള്ള ഫൈസല്‍ ഫരീദിനും റബിന്‍സിനും ഇടപാടുകാരായ പ്രതികള്‍ക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ട്. നേരത്തെ എന്‍.ഐ.എ. അന്വേഷിച്ച വിവിധ കേസുകളില്‍ പിടിയിലായവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കോടതിയെ അറിയിക്കും. ദുബായിലുള്ള റബിന്‍സിനെയും ഫൈസലിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കേസിലെ വിവാദനായിക സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്‌ച പരിഗണിച്ചപ്പോള്‍ കേസില്‍ തീവ്രവാദ സ്വഭാവം തെളിയിക്കാന്‍ എന്‍.ഐ.എക്കു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു കേസ്‌ഡയറി ഹാജരാക്കാനും രാജ്യദ്രോഹ തെളിവുകള്‍ പട്ടികയായി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ തെളിവുകളുടെ കൂടി ബലത്തില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എന്‍.ഐ.എ. ശക്‌മായി എതിര്‍ക്കും.ജാമ്യാപേക്ഷയില്‍ വിധിയറിഞ്ഞ ശേഷമാകും ഫൈസലിനെയും റബിന്‍സിനെയും നാട്ടിലെത്തിക്കുന്നത്. ഇവര്‍ ദുബായ് പോലീസിന്റെ നിരീക്ഷണത്തിലാണ്.