കോളെജ് അധ്യാപകനായുള്ള മമ്മൂട്ടിയുടെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നാണ് കമല്‍ സംവിധാനം ചെയ്ത്, 1995ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പെയിലേത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ശോഭനയും ആനിയും പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നന്ദകുമാര്‍ വര്‍മ്മ എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കോളെജ് പ്രൊഫസറുടെ പേര്. ആ സിനിമയും മമ്മൂട്ടിയുടെ നായകകഥാപാത്രവും ഇപ്പോഴും പ്രേക്ഷകമനസ്സുകളിലുണ്ട്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കോളെജ് അധ്യാപകനായി സ്‌ക്രീനിലെത്തുമ്പോള്‍ കഥാപാത്രത്തിന്റെ രീതികളിലും സ്വഭാവത്തിലുമൊക്കെ മാറ്റമുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന എഡ്ഡിയിലെ ടൈറ്റില്‍ കഥാപാത്രമാണ് മമ്മൂട്ടിയുടെ പുതിയ കോളെജ് അധ്യാപകന്‍.
കുഴപ്പക്കാരായ വിദ്യാര്‍ഥികളുള്ള കോളെജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരു അധ്യാപകന്‍ എത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്. ഇംഗ്ലീഷ് അധ്യാപകനായ എഡ്വേര്‍ഡ് ലിവിങ്സ്റ്റണിന്റെ ചുരുക്കപ്പേരാണ് എഡ്ഡി. ജയരാജിന്റെ ജോണി വാക്കറില്‍ കോളെജിലെ പ്രശ്‌നകാരികളായ വിദ്യാര്‍ഥികളെ ഒതുക്കാന്‍ ശങ്കരാടി അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ തന്നെ മുന്‍കൈയെടുത്ത് മമ്മൂട്ടി കഥാപാത്രത്തിന് അഡ്മിഷന്‍ നേടിക്കൊടുത്തെങ്കില്‍ എഡ്ഡിയിലും സമാനസ്വഭാവത്തിലാണ് കാര്യങ്ങള്‍. കുഴപ്പക്കാരായ വിദ്യാര്‍ഥികളെ ഒതുക്കാന്‍ പ്രിന്‍സിപ്പല്‍ തന്നെയാണ് അവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായിരുന്ന എഡ്ഡിയെ അധ്യാപകനായി എത്തിക്കുന്നത്.
സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ നേരത്തേ കൗതുകമുണര്‍ത്തിയ ചിത്രത്തില്‍ വന്‍ താരനിരയുമുണ്ട്. വരലക്ഷ്മി ശരത്കുമാറും ഉണ്ണി മുകുന്ദനും പൊലീസ് ഉദ്യോഗസ്ഥരായി എത്തുന്ന ചിത്രത്തില്‍ പൂനം ബജ്വ ഒരു കോളെജ് പ്രൊഫസറായും എത്തുന്നു.
ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ്‌കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, നൃമഹിമ നമ്പ്യാര്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി. ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദാണ്. ഓണം റിലീസാണ് ചിത്രം.