സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മമത യുപിയില്‍ എത്തി. ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മമത ആഹ്വാനം ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി എത്തിയത്. ലഖ്നൗവിലെ പാര്‍ട്ടി ഓഫീസില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ബാനര്‍ജി സംയുക്ത പത്രസമ്മേളനം നടത്തും. കൂടാതെ സമാജ്വാദി പാര്‍ട്ടി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയിലും മമത പങ്കെടുക്കും .
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തണമെന്ന് മമത ബാനര്‍ജി ബംഗാളില്‍ നിന്ന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താന്‍ തന്നെ അഖിലേഷ് യാദവ് ക്ഷണിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി. ഫെബ്രുവരിയില്‍ വാരണാസി സന്ദര്‍ശിക്കുമെന്നും എന്നാല്‍ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും മമത ബാനര്‍ജി അറിയിച്ചു.
ഇത് ആദ്യമായല്ല ബാനര്‍ജി എസ്പിക്കായി ലഖ്നൗവില്‍ എത്തുന്നത്. 2017 ലെ യു പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നോട്ട് നിരോധന വിരുദ്ധ പൊതുയോഗം നടത്തിയപ്പോള്‍ എസ് പിയെ പിന്തുണയ്ക്കാന്‍ മമത എത്തിയിരുന്നു.
2016 ലും 2011 ലും പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. കൂടാതെ, 2021ല്‍, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനായി എസ് പി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മയ് നന്ദയെയും എസ് പി രാജ്യസഭാംഗം ജയ ബച്ചനെയും യാദവ് ബംഗാളിലേക്ക് അയച്ചിരുന്നു. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.