ന്യൂഡല്‍ഹി: 500 കാറുകള്‍ അടിച്ചുമാറ്റിയ കള്ളന്മാരുടെ തലവന്‍ പിടിയില്‍. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന മോഷ്ടാവാണ് പിടിയിലായത്. ഡല്‍ഹിയിലെ നന്ദ് നഗ്‌രിയില്‍ നിന്ന് സഫ്രുദീന്‍ എന്ന 29 കാരനാണ് അറസ്റ്റിലായ മോഷ്ടാവ്. അഞ്ച് വര്‍ഷത്തിനിടയിലാണ് ഇത്രയും കാറുകള്‍ ഇദ്ദേഹവും കൂട്ടാളികളും കവര്‍ന്നത്.
കൃത്യമായി ഓരോ വര്‍ഷവും 100 കാറുകള്‍ വീതം മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കി അത് ടാര്‍ജറ്റാക്കി അത് കൈവരിച്ച് മോഷണം കലയാക്കിയ വന്‍ സംഘമാണ് പക്ഷേ ഒടുവില്‍ പോലീസ് വലയില്‍ പെട്ടത്.
സിനിമാക്കഥയായി തോന്നാം, അത്ര സസ്പെന്‍സും സാങ്കേതിക വിദ്യയുടെ സാന്നിധ്യവുമെല്ലാം നിറയുന്ന മോഷണ പരമ്പര ധൂം പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കും. മോഷ്ടിക്കുന്ന കാറുകള്‍ ആഡംബരമാകുമ്പോള്‍ മോഷണ രീതിയും മോഡേണാകേണ്ടതല്ലേ എന്നതുപോലെ കൃത്യം നടത്താന്‍ സംഘം വരുന്നത് കാറിലോ ബൈക്കിലോ ഒന്നുമല്ല. വിമാനത്തില്‍ വരും കാര്യം നടത്തും വിമാനത്തില്‍ തന്നെ മടങ്ങും. ഹൈദരബാദില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമാര്‍ഗമെത്തി മോഷണം നടത്തിയാണ് ഇവര്‍ മോഷണ പരമ്പര നടത്തിയത്.
നാടകീയമായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ സംഘത്തിന്റെ നേതാവ് പോലീസിന്റെ വലയില്‍ പെട്ടത്. വടക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗ്രി പ്രദേശത്ത് താമസിക്കുന്ന സഫറുദ്ദീന്‍ ആണ് അറസ്റ്റിലായത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് 100 ആഡംബര കാറുകള്‍ മോഷ് ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സഫറുദീന്‍ പോലീസിനോട് വെളിപ്പെടുത്തി. ഇയാളെ കൂടാതെ മറ്റ് നാല് പേര്‍ കൂടി അടങ്ങുന്നതായിരുന്നു ഈ സംഘം.
ലാപ്ടോപ്, കാറിന്റെ സോഫ്റ്റ് വയര്‍ ജിപിഎസ്, സെന്‍ട്രലൈസ്ഡ് ലോക്കിങ് സിസ്റ്റം എന്നിവയില്‍ ഇടപെടാന്‍ കഴിയുന്ന ഹൈടെക് ഉപകരണങ്ങള്‍ എന്നിവയുമായിട്ടാണ് ഇവരുടെ വരവ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് മോഷണം നടത്തി ഇവര്‍ ഹൈദരബാദിലേക്ക് വിമാനത്തില്‍ തന്നെ മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് വിവേക് വിഹാറില്‍ പോലീസിന് നേര്‍ക്ക് ഈ സംഘം വെടിയുതിര്‍ത്തിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ സംഘത്തില്‍ ഉള്‍പ്പെട്ട നൂര്‍ മൊഹമ്മദ് കൊല്ലപ്പെടുകയും രവി കുല്‍ദീപ് എന്നയാള്‍ അറസ്റ്റിലാകുകയും ചെയ്തു.
അടിച്ചുമാറ്റിയ വാഹനങ്ങള്‍ പഞ്ചാബ്, രാജസ്ഥാന്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവര്‍ മറിച്ചുവിറ്റത്. വെള്ളിയാഴ്ച ഗഗന്‍ സിനിമയ്ക്ക് സമീപത്ത് വച്ച് പോലീസ് ഒരു കാറിന് കൈകാണിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയി. 50 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പ്രഗതി മൈതാനത്ത് വച്ച് പോലീസ് സാഹസികമായി കാര്‍ തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന കാര്‍ മോഷണ സംഘത്തിലെ പ്രധാനിയായ സഫറുദ്ദീനാണ് പിടിയിലായതെന്ന് പോലീസ് ബോധ്യമായത്.