മുംബൈ: ഐഎസില്‍ ചേരാന്‍ പോയ 30കാരനെ മുംബൈയില്‍വെച്ച് പിടികൂടി. സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് അനുഭാവ ഓണ്‍ലൈന്‍ സൈറ്റുമായി ഇയാള്‍ ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് വിവരം. ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശവാസിയാണ് പിടിയിലായ ഇയാള്‍. എന്നാല്‍ ഇയാളുടെ പേരോ കൂടുതല്‍ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ഐഎസി പ്രവര്‍ത്തകനായ ഫറൂഖ് എന്നയാളുമായി ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്നതായും ഇതിനു വേണ്ടി നിരവധി ഓണ്‍ലൈന്‍ ഐഡികള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഐഎസില്‍ ചേരാനായി ഇയാള്‍ സിറിയിലേക്കോ ഇറാഖിലേക്കോ കടക്കാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി.
നേരത്തെ മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി കാണാതായ എട്ടോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് പൊലീസിന്റെ സംശയം. ഐഎസ് അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരില്‍ ചിലരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.