കാസര്‍കോട്: സ്വന്തം ശവമടക്കിന് തൊട്ടുമുൻപ് ഒരാൾ മരണത്തിന്റെ മയക്കം വിട്ടുണർന്നു. കാസര്‍കോട് ആദൂരിലാണ് ഒരു യുവാവിന് അപൂര്‍വ്വ പുനര്‍ജന്മം ഉണ്ടായത്. കൊയക്കുടുവിലെ ലക്ഷ്മണന്‍ (45) തന്റെ സംസ്കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ കണ്ണു തുറക്കുകയായിരുന്നു. മരിച്ചെന്ന് കരുതിയ ആളെ ഒടുവില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗളുരു ദേര്‍ലക്കട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ലക്ഷ്മണന്‍ മരിച്ചെന്ന് കൂടെയുണ്ടായിരുന്ന ആള്‍ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇതനുസരിച്ച് പഞ്ചായത്തിന്റെ ആംബുലന്‍സുമായി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ലക്ഷ്മണിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
ശവസംസ്കാരത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ പിണങ്ങി സ്വന്തം വീട്ടില്‍ പോയിരുന്ന ലക്ഷ്മണിന്റെ ഭാര്യയും മക്കളും സ്ഥലത്തെത്തി. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട ഇവര്‍ അലമുറയിട്ടു കരയുന്നതിനിടെ ലക്ഷ്മണന്‍ കണ്ണു തുറക്കുകയായിരുന്നു.
ആദൂര്‍ പൊലീസ് ലക്ഷ്മണിന് ജീവനുണ്ടെന്ന് സ്ഥീരീകരിച്ച ഉടനെ വിദഗ്ദ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേര്‍ലക്കട്ട ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടൊയൊ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടാം ജന്മം അൽഭുതമായി ചിലർ കാണുന്നു.