ബെംഗളൂരു: ചെറിയ കുട്ടികള്‍ പോലും മൊബൈല്‍ ഫോണിന് അഡിറ്റാണല്ലോ. എന്നാല്‍, മൊബൈല്‍ ഫോണ്‍ താഴെ വീണ് പൊട്ടിയതിന് തല്ലിക്കൊന്ന വാര്‍ത്ത ഭയാനകം തന്നെ. സമാനമായ സംഭവം നടന്നത് ബെംഗളൂരുവിലാണ്. അറിയാതെ മുത്തശ്ശിയുടെ കൈ തട്ടി പുതിയ മൊബൈല്‍ ഫോണ്‍ തറയില്‍ വീണു പൊട്ടുകയുണ്ടായി.
ദേഷ്യം വന്ന ചെറുമകന്‍ മുത്തശ്ശിയെ തല്ലിക്കൊല്ലുകയാണുണ്ടായത്. 90 വയസ്സ് പ്രായമുള്ള മുത്തശ്ശിയെയാണ് 22 കാരനായ യുവാവ് തടിക്കഷണം ഉപയോഗിച്ച് തല്ലിക്കൊന്നത്. ബനശ്ശങ്കരിയിലുള്ള കതിരനാഹള്ളിയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടിലെ ഡ്രോയിങ് റൂമില്‍ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി വെച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് മുത്തശ്ശിയായ ലക്ഷ്മമ്മ റൂമിലേക്ക് വന്നത്. കാഴ്ച്ച തീരെ കുറവായിരുന്ന മുത്തശ്ശിയുടെ കൈ തട്ടി ഫോണ്‍ താഴെ വീണു. ഫോണിന്റെ സ്‌ക്രീന്‍ പൊട്ടി.
ശബ്ദം കേട്ടെത്തിയ കൊച്ചുമകന്‍ ശിവരാജ് മൈാബൈല്‍ ഫോണ്‍ തകര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ഉടനെ കൊച്ചുമകന്‍ ഒരു തടിക്കഷ്ണം എടുത്ത് മുത്തശ്ശിയെ മര്‍ദ്ദിക്കുകയായിരുന്നു.
മുത്തശ്ശിയെ തല്ലിയതിന് വീട്ടുകാര്‍ യുവാവിനെ വഴക്കുപറഞ്ഞിരുന്നു. ഇവര്‍ മുത്തശ്ശിയെ റൂമില്‍ കൊണ്ടുപോയി കിടത്തി. ചൊവ്വാഴ്ച്ച രാവിലെ വിളിച്ചപ്പോള്‍ മുത്തശ്ശി ഉണര്‍ന്നില്ല. ഉടന്‍ തന്നെ മുത്തശ്ശിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.