
കൊല്ലം: എന്നും മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുന്ന യുവാവിനെ അയല്‍വാസികള്‍ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പ്രസ്‌നമുണ്ടാക്കുന്ന യുവാവിനെ അടുത്ത് താമസിക്കുന്ന വീട്ടുകാര്‍ കറന്റടിപ്പിച്ച് കൊന്നത്. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ബിനുവാണ് ദാരുണമായി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് അയല്‍വാസിയായ വിജയനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. ബിനു സ്ഥിരമായി മദ്യപിക്കാറുണ്ട്. മദ്യപിച്ച് ലക്കുകെട്ട് എന്നും വിജയന്റെ വീട്ടിലെത്തി പ്രശ്‌നവും ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസവും ബിനു വിജയന്റെ വീട്ടിലെത്തി പ്രസ്‌നമുണ്ടാക്കി. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി.
ബിനു വരുന്നതിന്ന മുമ്പായി വിജയന്‍ ഇലക്ട്രിക് വയറിലൂടെ വൈദ്യുതി കടത്തിവിട്ട് ഇന്‍സുലേഷന്‍ ടേപ്പ് ഇളക്കി വീടിന്റെ മുന്‍വശത്ത് തൂക്കിയിട്ടു. പറഞ്ഞതു പോലെ എത്തിയ ബിനു വയറില്‍ പിടിച്ചതോടെ ഷോക്കേറ്റ് നിലത്ത് വീണു. മദ്യ ലഹരിയില്‍ വീണതാണെന്ന് വിജയന്‍ പറഞ്ഞതനുസരിച്ച് ബിനുവിന്റെ മാതാപിതാക്കളും വിജയന്റെ ഭാര്യയും ചേര്‍ന്ന് ബിനുവിനെ താങ്ങിയെടുത്ത് വീട്ടില്‍ കൊണ്ടുപോയി കിടത്തി.
രാവിലെയായിട്ടും ബിനു വരാത്തതില്‍ വീട്ടുകാര്‍ക്ക് സംശയവും പേടിയും തോന്നി. തലയ്ക്ക് പിന്നിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നതായും കണ്ടെത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടിയം സി.ഐ ജി.അജയനാഥിന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിജയനെ ചോദ്യം ചെയ്തതോടെയാണ് കറന്റടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തായത്. വീഴ്ചയുടെ ആഘാതത്തിലാണ് മുറിവുണ്ടായത്.