നടിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതായി സൂചന. സുനിൽ രാജ് എന്ന അപ്പുണ്ണി നിലമ്പൂരിനടുത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.
നിലമ്പൂർ നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിർത്തിയോട് ചേർന്ന ദേവാലയിൽ അപ്പുണ്ണിയെ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും മലപ്പുറം പോലീസ് കനത്ത നിരീക്ഷണമേർപ്പെടുത്തിയിരുന്നു.
അപ്പുണ്ണി ഒളിവിൽ കഴിയുന്ന ദേവാലയം പ്രധാനപ്പെട്ട സിനിമാ ലൊക്കേഷനാണ്. മലയാളത്തിലെ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പലരും ഊട്ടിയോട് ചേർന്ന പ്രദേശമായ ദേവാലയിൽ താമസിക്കുന്നുണ്ട്.
രണ്ടു ദിവസമായി മലപ്പുറം പോലീസിന്‍റെ നേതൃത്വത്തിൽ ദേവാലയിലും അന്വേഷണം നടന്നുവരികയാണ്. അപ്പുണ്ണി പിടിയിലായാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരും നിലമ്പൂരിലെത്തിയിട്ടുണ്ട്. മലപ്പുറം പോലീസിന്‍റെ പ്രത്യേക സംഘവും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് അപ്പുണ്ണി. ഇയാളെ പിടികൂടാനായാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.


