
മണലൂരിൽ പോരാട്ടം മുറുകുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ ഉയരുകയാണ്. ബിജെപിയെ സംബന്ധിച്ചടുത്തോളം വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ ജില്ലയിലെ മണലൂർ, ഇവിടെ എൻ ഡി എ സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം കളത്തിലിറക്കിയിരിക്കുന്നത് മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെയാണ്.
മണ്ഡലത്തിൽ പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവായി ഇതിനോടകം എ.എൻ രാധാകൃഷ്ണൻ മാറിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണലൂരിൽ മത്സരിച്ച എ എൻ രാധാകൃഷ്ണൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തെ ഉപേക്ഷിച്ചില്ല. വിജയിച്ച് ജനപ്രതിനിധികളാകുന്നവർ പോലും നിയോജകമണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നും ഒക്കെ പരാതികൾ ഉയരുമ്പോഴാണ് എ എൻ രാധാകൃഷ്ണൻ വ്യത്യസ്തനാകുന്നത്.
എ.എൻ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാവുകയും സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയുമായിരുന്നു.അതുകൊണ്ടു തന്നെ ഇക്കുറി എ.എൻ.ആർ എന്നറിയപ്പെടുന്ന എ.എൻ.രാധാകൃഷ്ണൻ കളത്തിലിറങ്ങുമ്പോൾ അത് മണ്ഡലത്തിൽ വിജയിക്കാമെന്ന കണക്ക് കൂട്ടലുമായി രംഗത്തിറങ്ങിയ ഇടതു വലതു മുന്നണികളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇടതുമുന്നണിക്കായി മുരളി പെരുനെല്ലി യാണ് ഇവിടെ ജനവിധി തേടുന്നത്.സിറ്റിംഗ് എം.എൽ.എ ആയ മുരളി പെരുനെല്ലിയിലൂടെ മണ്ഡലം നിലനിർത്തുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസ് വിജയ് ഹരിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് അവരുടെ ഐ ടി സെൽ കൺവീനർ കൂടിയായ വിജയ് ഹരിയെ മത്സരിപ്പിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി സംസ്ഥാന ഉപാദ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ രംഗത്ത് വന്നത് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്.
ബിജെപിയുടെ വോട്ടുകളും എ.എൻ.രാധാകൃഷ്ണന്റെ വ്യക്തിപരമായ വോട്ടുകളും ചേർന്നാൽ വിജയം ഉറപ്പെന്ന് കണക്കുകൂട്ടലിലാണ് ബിജെപി. മണലൂരിൽ ബി.ഡി.ജെ.എസിനുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപി ഇക്കുറി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോൾ അത് മണലൂരിലെ ഫലം പ്രവചനാതീതമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഥാനാർഥി പര്യേടനം ഓരോ ഘട്ടം പിന്നിടുമ്പോഴും ബിജെപി സ്ഥാനാർത്ഥിയുടെ സ്വീകാര്യത വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വർധിക്കുകയാണ്.ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിൽ ബിജെപിക്കായി പ്രചാരണത്തിനെത്തും.
ബിജെപി പ്രവർത്തകർ വലിയ ആവേശത്തിലാണ് മണ്ഡലത്തിലെ പല മേഖലകളിലും ബിജെപി സ്ഥാനാർഥി പ്രചാരണത്തിൽ ഏറെ മുന്നിലാണ് .മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ സ്ഥാനാർഥി പര്യേടനത്തിനും പ്രചാരണ പരിപാടികൾക്കും ഒക്കെ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പല സ്വാധീന മേഖലകളിലേക്കും കടന്നു കയറുന്നതിനു ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും സംസ്ഥാനത്തെ വികസന മുരടിപ്പും ഒക്കെ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം.ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വികസന ജനക്ഷേമ പദ്ധതികളും എടുത്തുകാട്ടിയുള്ള പ്രചാരണം നടത്തുന്നത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തൃശൂർ ജില്ലയിലാകെ ബിജെപിയുടെ സ്വാധീനം വർധിച്ചിട്ടുണ്ട്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഒക്കെ ബിജെപി വലിയമുന്നേറ്റമാണ് ജില്ലയിൽ നടത്തിയത്.അതുകൊണ്ടു തന്നെ ബിജെപിയുടെ വളർച്ചയും സ്വാധീനവും ഒക്കെ വോട്ടായി മാറിയാൽ ഇക്കുറി വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.