ഹൈദരാബാദ്: മാന്‍ഹോള്‍ ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നു. തുറന്നുകിടന്ന മാന്‍ഹോളില്‍ കാല്‍ വഴുതി വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. മാന്‍ഹോളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ദശരഥ് നഗറില്‍ താമസിക്കുന്ന മുഹമ്മദ് മുസ്ഥഫയാണ് മരിച്ചത്.
മദ്രസയില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. കച്ചവടം നടത്തുകയാണ് മുസ്തഫയുടെ പിതാവ് ഷരീഫ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. മുസ്തഫയും സഹോദരന്‍ ഏഴു വയസുകാരന്‍ സരാജും മദ്രസ വിട്ട് വീട്ടിലേക്ക് വരുകയായിരുന്നു. മെരാജ് മസ്ജിദിനു സമീപം എത്തിയപ്പോള്‍ മുസ്തഫയുടെ ചെരുപ്പ് തുറന്നു കിടന്ന മാന്‍ഹോളിലേക്ക് വീണു. മാന്‍ഹോളിന്റെ വശത്ത് ഇറങ്ങി നിന്ന് ചെരുപ്പ് പുറത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. സരാജിന്റെ ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴാണ് വിവരം അറിഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു.
മാന്‍ഹോളിലൂടെ ഒഴുകിയിരുന്ന വെള്ളത്തിലൂടെ മുസ്തഫ ഒഴുകിപ്പോയിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ മീറ്ററുകള്‍ക്കപ്പുറത്ത് മറ്റൊരു മാന്‍ഹോളില്‍ ഇറങ്ങിയ ശേഷം മുസ്തഫയെ പുറത്തെടുക്കുകയായിരുന്നു. ഏകദേശം ആറടിയോളം താഴ്ചയുണ്ട് മാന്‍ഹോളിന്. പക്ഷേ, ഇടിച്ചില്‍ കാരണം ഇപ്പോള്‍ രണ്ടടിയേ ഉള്ളൂ. രണ്ടുമാസത്തോളമായി മാന്‍ഹോള്‍ തുറന്നു കിടക്കുകയാണ്. പക്ഷേ, ഇത് സൂചിപ്പിക്കുന്ന എന്തെങ്കിലും ബോര്‍ഡോ മറ്റു കാര്യങ്ങളോ ബാരിക്കേഡുകളോ വച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.