കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തുടക്കം മുതൽ എൽഡിഎഫിന്റെ മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്യുന്നത്. ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പൻ 3000 വോട്ടുകൾക്ക് മുന്നിലാണ്.
യു.ഡി.എഫ്-11840, എൽ.ഡി.എഫ്-14017, ബി.ജെ.പി-4173 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട് എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. മേലുകാവ് പഞ്ചായത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 14 വോട്ടുകളിൽ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റൽ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വോട്ടുകൾ അസാധുവായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികൾക്ക് ലഭിച്ചത്. 54 വർഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ നിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.
രാവിലെ 8ന് കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകൾ 14 റൗണ്ടിൽ എണ്ണും. 10 മണിക്കുള്ളിൽ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകൾ സജ്ജമാക്കിയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.