പാലായിൽ എൽഡിഎഫിലും പൊട്ടിത്തെറി..!! 42 പേർ എൻസിപി വിട്ടു..!! മാണി സി.കാപ്പനു ജയസാധ്യതയില്ല

കോട്ടയം: പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറകവേ ഇരു മുന്നണികളും ആന്തരിക സംഘർഷങ്ങളിൽ ഉലയുകയാണ്. യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള കിടമത്സരമാണ്. ഇതിനാൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് അവരുടെ എക്കാലത്തെയും വിജയ ചിഹ്നമായ രണ്ടില പോലും ലഭിച്ചില്ല.

കേരള കോൺഗ്രസിലെ പടലപ്പിണക്കം മുതലെടുത്ത് മണ്ഡലം പിടിച്ചെടുക്കാം എന്ന് കരുതി മത്സര രംഗത്തിറങ്ങിയ എൽഡിഎഫിലും തൊഴുത്തിൽകുത്ത് ആരംഭിച്ചിരിക്കുകയാണ്. എൻസിപിയുടെ സ്ഥാനാർത്ഥിയായ മാണി സി കാപ്പനെതിരെയാണ് ഒരു കൂട്ടം പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. കാപ്പന് സ്ഥാനാർത്ഥിത്വം നൽകിയത് ശരിയായ നടപടിയായില്ലെന്നാണ് എൻസിപിയെ ഒരു വിഭാഗം വാദിക്കുന്നത്.

വാക്കുതർക്കം ഇപ്പോൾ എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് ദേശീയസമിതി അംഗം ജേക്കബ്‌ പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. രാജിക്കത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ തോമസ്‌ ചാണ്ടിക്കു കൈമാറി.

ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചു. മൂന്നുവട്ടം മത്സരിച്ചു തോറ്റ മാണി സി.കാപ്പനു പാലായില്‍ ജയസാധ്യതയില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും ജേക്കബ്‌ പ്രതികരിച്ചു.

 

Top