മാണി മൂന്നാം മുന്നണിയിലേയ്ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം മധ്യസ്ഥതയ്ക്ക്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയിലേയ്ക്കു കെ.എം മാണിയും കേരള കോണ്‍ഗ്രസും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി വിടുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനുമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നത്. മൂന്നാം മുന്നണിയുടെ ഭാഗമായാല്‍ മുഖ്യമന്ത്രിസ്ഥാനവും ഒപ്പം കേന്ദ്രമന്ത്രി സ്ഥാനവുമാണ് മാണി ലക്ഷ്യം വയ്ക്കുന്നത്.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ പ്രതിരോധത്തിലും, പ്രതിക്കൂട്ടിലുമാക്കിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നാണ് കേരള കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നതാണ് കേരള കോണ്‍ഗ്രസിനു അനുയോജ്യമാകുക എന്ന ലക്ഷ്യമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയെയും നേതാവിനെയും പ്രതിക്കൂട്ടിലാക്കിയ യുഡിഎഫ് മുന്നണിക്കൊപ്പം നിന്നിട്ട് ഇനി യാതൊരു കാര്യവുമില്ലെന്ന രീതിയിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തിക്കൊത്ത പരിഗണന ലഭിച്ചില്ലെങ്കില്‍ ആ പേരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടേക്കും.
വെള്ളാപ്പള്ളി നടേശനും, ബിജെപിക്കും ഒപ്പം ചേരാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി. വെള്ളാപ്പള്ളിയുടെ യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോള്‍ ഉദ്ഘാടന വേദിയില്‍ മന്ത്രി കെ.എം മാണിയും ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് മുന്നണിക്കൊപ്പം പാലായില്‍ അടുത്ത തവണ മത്സരിച്ചാല്‍ പച്ച തൊടാനാവില്ലെന്നു മന്ത്രി കെ.എം മാണിക്കു ഉറപ്പാണ്. ഇതു കൊണ്ടു തന്നെ ബിജെപി – എസ്എന്‍ഡിപി മുന്നണിക്കൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.mani
നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പത് സീറ്റാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുമെന്നാണ് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി നേരത്തെ തന്നെ മന്ത്രി കെ.എം മാണി ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ സാഹചര്യത്തിലാണ് ബാര്‍ കോഴ വിവാദം ഉയര്‍ന്നു വന്നത്. എന്നാല്‍, ഇപ്പോള്‍ ബിജെപിക്കൊപ്പം ചേരുന്നതിനുള്ള അനുകൂല സാഹചര്യമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു. ബിജെപി കേന്ദ്ര കമ്മിറ്റി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം മന്ത്രി കെ.എം മാണിയും, ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി – എസ്എന്‍ഡിപി മുന്നണിയുമായി കൈ കോര്‍ക്കാന്‍ ഇതിലും വലിയ സമയം ഇല്ലെന്നു പാര്‍ട്ടി വിലയിരുത്തുന്നു.

Top