കൊടിയേരിയും വിഎസും ഇടപെട്ടു; പിണറായിയുമായി മഞ്ഞുരുക്കി; ജനതാദള്‍ യു വീണ്ടും ഇടതു മുന്നണിയിലേയ്ക്ക്

തൃശൂര്‍: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) യുഡിഎഫ് വിടാനൊരുങ്ങുന്നു. എല്‍ഡിഎഫില്‍ നിന്ന് വ്യക്തമായ ഉറപ്പ് കിട്ടിയ സാഹചര്യത്തിലാണ് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങുന്നത്. എന്നാല്‍ എല്‍ഡിഎഫിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ മകന്‍ എം.വി.ശ്രേയാംസ്‌കുമാറിന് അനുകൂല നിലപാടല്ല ഉള്ളത്.

ഇക്കാര്യത്തെച്ചൊല്ലി വീരേന്ദ്രകുമാറും മകനും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തതായും സൂചനയുണ്ട്. പിണറായി വിജയനുമായി ഉണ്ടായ കടുത്ത ശത്രുതയെത്തുടര്‍ന്നാണ് 2009ല്‍ വീരേന്ദ്രകുമാറിന് കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചതും പിന്നീട് ജനതാദള്‍ ഇടതുമുന്നണി വിട്ടതും. പിണറായിയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചില മധ്യസ്ഥര്‍ മുഖേന പരിഹരിച്ചതായാണ് സൂചന. വീരേന്ദ്രകുമാറിന്റെ പുതിയ പുസ്തകം ‘ഇരുള്‍ പരക്കുന്ന കാലം’ പ്രസിദ്ധീകരിക്കുന്നത് മാര്‍ക്‌സിസ്റ്റ് പ്രസാധകരായ ചിന്തയാണ്. പുസ്തകം ജനുവരി ഒന്നിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ പിണറായി വിജയന്‍ പ്രകാശനം ചെയ്യും. ഇതാദ്യമായാണ് വീരേന്ദ്രകുമാറിന്റെ പുസ്തകം ചിന്ത പ്രസിദ്ധീകരിക്കുന്നത്. എല്‍ഡിഎഫിലേക്ക് മടങ്ങാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വീരേന്ദ്രകുമാറിന്റെ ഈ നീക്കങ്ങളെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ശ്രേയാംസ്‌കുമാറിനെ അനുനയിപ്പിക്കാന്‍ ഇതിനകം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ലഭിക്കില്ല എന്ന അഭിപ്രായമാണ് ശ്രേയാംസ്‌കുമാറിനുള്ളത്. എന്നാല്‍ അന്തിമ തീരുമാനം വീരേന്ദ്രകുമാറിന്റേതു തന്നെയായിരിക്കും. മുന്നണി മാറ്റത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മന്ത്രി കെ.പി.മോഹനന്‍ ജനുവരിയില്‍ രാജി സമര്‍പ്പിച്ചേക്കും. എല്‍ഡിഎഫില്‍ ചേക്കേറാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ജനുവരിയില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

മുന്നണി മാറ്റത്തിന് മുന്നോടിയായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ജനതാദള്‍ (യു) പ്രസിഡണ്ട് ശരത്‌യാദവ് എന്നിവരില്‍ ആരെയെങ്കിലും കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. യുഡിഎഫ് വിടാന്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണാനുള്ള ക്ഷണം വീരേന്ദ്രകുമാര്‍ നിരസിച്ചിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി സോണിയാഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ചക്ക് എത്തില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലുണ്ടായ തോല്‍വി ചില കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രിത നീക്കത്തിന്റെ ഫലമായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ യുഡിഎഫ് നിയോഗിച്ച ആര്‍.ബാലകൃഷ്ണപിള്ള കമ്മീഷനും ഇത് ശരിവെച്ചിരുന്നു. എന്നാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നകാര്യവും വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top