
അഗർത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക് എന്നിവരുടെ പേരുകളാണു പരിഗണിച്ചിരുന്നത്. പ്രതിമാ ഭൗമിക് ആണ് മണിക് സാഹയുടെ പേര് നിർദേശിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണു ബിപ്ലവ് കുമാർ ദേബിനെ മാറ്റി 70 കാരനായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണ് പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്.
ആകെയുള്ള 60 സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും 33 സീറ്റുകളിലാണ് വിജയിച്ചത്. പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടൗൺ ബർദൗലി മണ്ഡലത്തിൽ നിന്നാണ് മണിക് സാഹ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ച വിജയമാണ് പാർട്ടി നേടിയതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മണിക് സാഹ പ്രതികരിച്ചിരുന്നു. “ബിജെപിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു… ഞങ്ങൾ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തം വർധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന ദിശയിൽ ഞങ്ങൾ സഞ്ചരിക്കും” അദ്ദേഹം പറഞ്ഞു.