തിരുവനന്തപുരം: പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മല ചവിട്ടാതെ തിരിച്ചിറങ്ങിയ മനിതി സംഘം വീണ്ടുമെത്തും. നാളെയും മറ്റന്നാളുമായി അടുത്ത സംഘം ദര്‍ശനത്തിനെത്തും. സര്‍ക്കാരിന് ആര്‍എസ്എസ് അജണ്ട എന്നും മനിതി സംഘം അംഗമായ വസുമതി മാധ്യമത്തോട് പറഞ്ഞു.
മനിതിയുടെ മൂന്നാം സംഘമാണിത്. ഇന്ന് മനിതി സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ചെന്നൈയില്‍ എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും വസുമതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലാണ് ഇന്ന് കേരളത്തില്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് പിന്തിരിഞ്ഞത്.
ആര്‍എസ്എസിന്റെ രാഷ്ട്രീയം തന്നെയാണ് സര്‍ക്കാറിനുള്ളതെന്ന് സംശയിക്കുന്നുവെന്ന് വസുമതി ആരോപിച്ചു. പോലീസിന്റേയും സര്‍ക്കാറിന്റേയും അജണ്ട ആര്‍എസ്എസിന്റെ അജണ്ടയോട് സമാനമാണ്. ദര്‍ശനത്തിനായി കൂടുതല്‍ സംഘാംഗങ്ങള്‍ ചെന്നൈയില്‍ നിന്നെത്തും. സര്‍ക്കാര്‍ സഹായത്തിലാണ് മനിതിയുടെ ആദ്യ സംഘം എത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞതില്‍ ഖേദം ഉണ്ടെന്നും വസുമതി പറഞ്ഞു.