രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനം വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം സാധ്യമാവാതെ പോവുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മനീതി എന്ന തമിഴ്നാട് കേന്ദ്രമായ സ്ത്രീ സംഘടന വാര്‍ത്തകളില്‍ നിറയുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ മല കയറാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണിത്.
മനിതി കൂട്ടായ്മ എന്താണ്
പെരുമ്പാവൂരില്‍ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ പിറന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. ജിഷയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.
ശബരിമലയിലെത്തുക എങ്ങനെ
ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉയരാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് മനിതിയ്ക്കുള്ളത്. എന്തുവന്നാലും മല കയറി ദര്‍ശനം നേടും എന്ന് അവര്‍ ഉറപ്പിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരു മിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു. യാത്രയുടെ വിവരങ്ങളടക്കം രഹസ്യമാക്കിയാണ് മനിതി സംഘടന മല കയറാനെത്തുന്നത്. 45 പേര്‍ എത്തുമെന്ന് പറയുമ്പോള്‍ തന്നെ അതില്‍ കൂടാനും കുറയാനും സാധ്യതയുണ്ട്. എത്രപേര്‍ മലകയറാനെത്തുമെന്ന കാര്യത്തില്‍ രഹസ്യ സ്വഭാവം സ്വീകരിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഭക്തകളായി മലകയറും
സ്ത്രീ ശാക്തികരണ സംഘടനയാണെങ്കിലും ആക്ടിവിസത്തിന്റെ പേരിലല്ല ശബരിമല കയറുന്നതെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി നേരത്തെ പറഞ്ഞിരുന്നു. സംഘാംഗങ്ങളില്‍ ചിലര്‍ അഞ്ച് ദിവസത്തെ വൃതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. മറ്റുള്ളവര്‍ പമ്പയില്‍ വച്ച് മാലയിടും. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണിവര്‍ ശബരിമലയിയിലെത്തുന്നത്. ശബരിമല കയറാനെത്തുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് സംഘടന.