കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരികശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ പി ജയരാജന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് 10 തീയതിയിലേക്ക് മാറ്റി. എന്നാല്‍ ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കേസില്‍ സിബിഐ പ്രതിചേര്‍ത്ത പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മൂന്നുതവണ തലശേരി ജില്ലാസെഷന്‍സ് കോടതി തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞാഴ്ച ഹര്‍ജി പരിഗണിക്കവേ, നിലപാട് അറിയിക്കാന്‍ സമയം ആവശ്യമാണെന്നു സിബിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് വലിയപ്രതീക്ഷയൊന്നും പാര്‍ട്ടിനേതൃത്വത്തിന് ഇല്ല. യു.എ.പി.എ വകുപ്പ് ചുമത്തിയ ഇതേകേസില്‍ മറ്റൊരുപ്രതിക്ക് മുന്‍കൂര്‍ജാമ്യം നല്‍കിയതും അഞ്ഞൂറ് ദിവസത്തിന് ശേഷം പെട്ടന്ന് പി.ജയരാജനെ പ്രതിചേര്‍ത്ത സിബിഐ നടപടിയും ചോദ്യം ചെയ്താണ് മുന്‍കൂര്‍ ജാമ്യഹര്‍ജി. മൂന്നുതവണ തലശേരി ജില്ലാസെഷന്‍സ് കോടതി തള്ളിയ മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ സിബിഐക്ക് ആശങ്കയില്ല. ഹൈക്കോടതിയുടെ കൂടി വിധിവന്നശേഷം അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് സിബിഐ.
അതേസമയം ഹൈക്കോടതി വിധി എതിരായാല്‍ കോടതിയില്‍ പി.ജയരാജനെ ഹാജരാക്കാനാണ് പാര്‍ട്ടിനീക്കം. പരിയാരം മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികില്‍സയിലാണ് പി.ജയരാജന്‍.