പി.ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനവരി 18ലേക്ക് മാറ്റി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  തലശ്ശേരി ജില്ലാ കോടതി ജനവരി 18ലേക്ക് മാറ്റി. സി.ബി.ഐ. തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് ജയരാജന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്കിയത്. ജില്ലാ ജഡ്ജി വി.ജി.അനില്‍കുമാറാണ് ചൊവ്വാഴ്ച അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചത്.സി.ബി.ഐ. അറസ്റ്റുചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത്. കേസില്‍ ജയരാജനെ സി.ബി.ഐ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല.

 

ബി.ജെ.പി-ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ രാഷ്ട്രീയ തീരുമാനം നടപ്പാക്കാനാണ് ശ്രമമെന്ന് ജാമ്യാപേക്ഷയില്‍ ജയരാജന്‍ ആരോപിച്ചു. അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് അഡ്വ. കെ.വിശ്വന്‍ മുഖേന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.ശാരീരികഅവശതകളും സി.ബി.ഐ. അറസ്റ്റുചെയ്തവരെ പീഡിപ്പിച്ചതുള്‍പ്പെടെയുള്ള വിവരം ഹര്‍ജിയോടൊപ്പം ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയരാജന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാമൂഹികക്ഷേമ പരിപാടികളെക്കുറിച്ചും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതേ കേസില്‍ ആറുമാസം മുമ്പ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടശേഷം തലശ്ശേരി ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.തലശ്ശേരി റസ്റ്റ്ഹൗസില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് കഴിഞ്ഞ ദിവസം സി.ബി.ഐ. നോട്ടീസ് നല്കിയിരുന്നത്.

2014 സപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നത്. കേസില്‍ 19 പ്രതികളെ സി.ബി.ഐ. അറസ്റ്റുചെയ്തു. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ ഗൂഡാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Top