പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

സജീവന്‍ വടക്കുമ്പാട്

കണ്ണൂര്‍: വടകര ലോകസഭാ മണ്ഡലത്തില്‍ നിന്ന് ദയനീയമായ പരാജയം ഏറ്റു വാങ്ങിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന് മുന്നിലുള്ള വഴിയിനിയെന്ത്. രാഷ്ട്രീയ നിരീക്ഷകരുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സി.പി.എം നേതാക്കള്‍ക്ക് പോലും പറയാന്‍ പറ്റാത അവസ്ഥയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ രാജി വെപ്പിച്ച് പൊതു തെരഞ്ഞെടുപ്പ് രംഗത്തിറക്കിയതിന്റെ പൊരുള്‍ പിണറായിക്കും കോടിയേരിക്കും നന്നായി അറിയാമായിരുന്നു. പാര്‍ട്ടിയുടെ രീതിയല്ലാത വ്യക്തി പൂജ ജയരാജന്‍ അറിഞ്ഞോ അറിയാതെയോ പ്രൊത്സാഹിപ്പിക്കുകയായിരുന്നു. ഇത് തന്നെയാണ് പി.ജയരാജനെന്ന പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്ന പി.ജയരാജനെ ഒതുക്കുകയെന്ന സി.പി.എമ്മിനെ ഒരു വിഭാഗം നേതാക്കളുടെ തന്ത്രം തന്നെയാണ് ഫലം കണ്ടത്.

തന്റെ പൂര്‍ണ്ണകായ ഫ്ളക്സുകള്‍ വ്യാപകമായി വന്നിട്ടും അതിനെ തടയാന്‍ ശ്രമിക്കാതിരിക്കുകയും ജയരാജനെ സ്തുതിക്കുന്ന സംഗീത ശില്‍പ്പം എല്ലായിടത്തും പ്രചരിപ്പിക്കുന്നത് പ്രൊത്സാഹിപ്പിക്കാനും ജയരാജന്‍ ശ്രമം നടത്തിയിരുന്നു. പാര്‍ട്ടിയുടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ പോലും പ്രതിനിധികള്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ വിമര്‍ശനം താന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ് പതറാതെ മാറി നില്‍ക്കുകയായിരുന്നു. എന്നാലും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയരാജനെ ബലിയാടാക്കാമെന്ന ചിന്തയില്‍ നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയരാജന്‍ വലിയ ആവേശമാകുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് കൊലപാതകിയായിരുന്നു ജയരാജന്‍. സി.ബി.ഐ അന്വേഷണം നടത്തുന്ന രണ്ട് കൊലക്കേസുകളില്‍ പ്രതിയായ ജയരാജന്‍ ഇനി പാര്‍ട്ടിയുടെ മേല്‍ക്കെ ഇല്ലാതെ കേസിനെ നേരിടേണ്ട ഗതികേടിലാണ്. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലും മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസിലും പ്രതിയായ ജയരാജന്റെ മുന്നില്‍ ഇനി പ്രതിരോധം തീര്‍ക്കാന്‍ അണികളെ ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത.് നേരത്തെ ഈ കേസുകളില്‍ കോടതിയില്‍ ഹാജരാകാന്‍ വരുമ്പോള്‍ ജയരാജ സ്നേഹികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടത്തും വലത്തും കൂട്ടായെത്തിയാണ് പിന്‍തുണ അര്‍പ്പിച്ചിരുന്നത.് എന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ച ജയരാജന് ഇനി താന്‍ മുന്‍ കൈയെടുത്ത് സ്ഥാപിച്ച ഐ.ആര്‍.പി.സിയുടെ ചെയര്‍മാന്‍ സ്ഥാനം മാത്രമേയുള്ളു. ഈ സ്ഥാനം മാത്രം കൊണ്ട് പാര്‍ട്ടി അണികളുടെ പിന്‍തുണ ഇനിയും ലഭിക്കണമെന്നില്ല.

രാഷ്ടിയ അക്രമ കേസിലെ പ്രതിയെന്നതിലപ്പുറം അക്രമം നേരിട്ട വ്യക്തി കൂടിയായിരുന്നു ജയരാന്‍. ഒരു തിരുവോണ നാളില്‍ കിഴക്കെ കതിരൂറിലെ സ്വന്തം വീട്ടില്‍ വെച്ച് ആര്‍.എസ്.എസ് അക്രമത്തിന് ഇരയായ ജയരാജന്റെ കൈവിരലുകള്‍ നഷ്ടപ്പെടുകയും വലയു കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.രാഷട്രീയ സമരവുമായ് ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടതിന് നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വരികയും ഏതാനും മാസത്തിനകം നടന്ന ഉപതരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്ത അനുഭവവും ജയരാജനു മുന്നിലുണ്ട.്

1998ല്‍ പാലക്കാട് വെച്ച് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയരാജന്‍ ആദ്യം ജില്ലാ സെക്രട്ടറിയായത് സമ്മേളനത്തില്‍ വെച്ചല്ല. സംഘടനാ നടപടിയെ തുടര്‍ന്ന് പി.ശശിയെ മാറ്റിയപ്പോള്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. 2012 ലും 2015 ലും നടന്ന സമ്മേളനത്തിലും ജയരാജന്‍ സെക്രട്ടറിയായി.തുടര്‍ന്ന് 2018 ലും സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ജയരാജനെ പ്രതിഷ്ഠിച്ച് പി.ജയരാജനെ വടകരയില്‍ അങ്കം കുറിക്കാന്‍ നേതൃത്വം ഇറക്കിയതോടെ എങ്ങിനെയെങ്കിലും വിജയിക്കണമെന്ന ചിന്തയും അണികളും ശക്തമായിരുന്നു.

വിജയം ജയരാജനൊപ്പമൊന്ന മുദ്രാവാക്യമുയര്‍ത്തി കളത്തിലിറങ്ങിയപ്പോള്‍ അതിനെ നേരിടാന്‍ കെ.മുരളീധരനെ ഇറക്കിയതോടെ ചിത്രം മാറുകയായിരുന്നു. വടകര ലോകസഭാ മണ്ഡലത്തിലെ ചരിത്പ ഭൂരിപക്ഷത്തില്‍ മുരളീ വിജയം കണ്ടതോടെ ജയരാജനെന്ന കരുത്തനാണ് രാഷട്രീയ തിരശീലക്ക് പിന്നിലേക്ക് മറയുന്നത.് ദേശീയ രാഷട്രീയത്തില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോള്‍ ജയരാജന് മുന്നിലുള്ള വഴിയെന്തെന്ന ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും കണ്ണൂരില്‍ അതൊരു ചോദ്യം തന്നെയാണ്. ഇനി പി.ജയരാജന് മുന്നിലുള്ള വഴിയതെന്ന് വരും നാളുകളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

Top