കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപയുടെ പൂര്‍ണ ഭരണചുമതല തിരികെ നല്‍കി. ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നത്. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞു. വത്തിക്കാന്റെ പുതിയ ഉത്തരവ് സഭയിലെ വിമത വൈദികര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രവര്‍ത്തിച്ചുവന്ന മാര്‍ ജേക്കബ് മനത്തോടത്തിനോട് ചുമതല ഒഴിയാനും തിരികെ പാലക്കാട് രൂപതയുടെ ചുമതല വഹിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനിലെ ഓറിയന്റില്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരുമെന്നാണ് സൂചന.
നിര്‍ദേശം പ്രകാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ അര്‍ദ്ധരാത്രി തന്നെ അതിരൂപത ആസ്ഥാനത്ത് തിരിച്ചെത്തി. തനിക്ക് വത്തിക്കാനില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം ചുമതലയില്‍ തിരികെ പ്രവേശിക്കുന്നുവെന്നാണ് അദ്ദേഹം ബിഷപ് ഹൗസില്‍ അറിയിച്ചത്. ഇന്നു രാവിലെ കൂരിയ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ചുമതല ഒഴിഞ്ഞ ബിഷപ് മനത്തോടത്ത് പാലക്കാട് രൂപതയുടെ മെത്രാനായി തിരികെ പോകും.
ആര്‍ച്ച്ബിഷപ് സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിച്ചെത്തിയതോടെ സഹായ മെത്രാന്മാരുടെ അധികാരത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ ചുമതലകള്‍ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനോടും മാര്‍ ജോസ് പുത്തന്‍വീട്ടിലിനോടും ഒഴിയാന്‍ കര്‍ദ്ദിനാള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് വത്തിക്കാന്റെ നടപടി.
കര്‍ദ്ദിനാള്‍ പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തുന്നതോടെ അതിരൂപതയില്‍ വിമത കലാപം ഉയര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും എതിരെ നടപടി വന്നേക്കും. സഹായ മെത്രാന്മാരുടെ ചുമതലകളും അപ്രസക്തമാകും. വൈദിക സമിതികള്‍ എല്ലാം പിരിച്ചുവിടുകയും പുതിയ സമിതികളെ നിയമിക്കുകയും ചെയ്യും. അതേസമയം, അതിരൂപത ആസ്ഥാനത്ത് പോലീസ് സുരക്ഷ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.