മരടിൽ ഒഴിപ്പിക്കൽ തുടങ്ങി…!! പ്രതിഷേധവുമായി താമസക്കാർ; താത്ക്കാലിക നഷ്ടപരിഹാരം അടക്കം നിരവധി ആവശ്യങ്ങൾ

മരടിലെ ഫ്ലാറ്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ജെയിന്‍, ആല്‍ഫാ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളിലാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. ഒക്ടോബർ മൂന്നിനകം താമസക്കാർ സ്വയം ഒഴിയണമെന്നും ബലപ്രയോഗത്തിലൂടെ ഇറക്കിവിടില്ലെന്നും സബ്കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

ഇതിനിടെ ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടിക്കെതിരെ  ഉടമകൾ നിരാഹാര സമരം തുടങ്ങി. ഫ്ലാറ്റ് ഉടമ ജയകുമാറാണു നിരാഹാരമിരിക്കുന്നത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിനുമുന്നില്‍ മറ്റുള്ളവരും പ്രതിഷേധിക്കുന്നുണ്ട്. ഒഴിയാൻ മതിയായ സമയം ലഭിച്ചില്ല എന്നാണ് ഉടമകളുടെ പരാതി. ഒപ്പം താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുൻപു തന്നെ ലഭിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻജ‍ഡ്ജി കെ.ബാലകൃഷ്ണൻ നായർ നേതൃത്വം നൽകുന്ന സമിതിയാണു നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. നടപടികളിലെ പുരോഗതി സർക്കാർ വരുന്ന 25നു സുപ്രീംകോടതിയെ അറിയിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടമകളെ നേരില്‍ കണ്ട് ഒഴിയാന്‍ ആവശ്യപ്പെടാനാണ് അധികൃതരുടെ നീക്കം. കൂടുതല്‍ സമയം വേണമെന്നുള്ള താമസക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യും. പക്ഷെ ഒക്ടോബര്‍ മൂന്ന് എന്ന തീയതിക്ക്‌ അപ്പുറത്തേക്ക് പോകാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. മരട് നഗരസഭയുമായുള്ള യോഗത്തിന് ശേഷമായിരുന്നു സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്‌. നിർത്തലാക്കിയ ജല- വൈദ്യുതി കണക്ഷനുകൾ നാലു ദിവസത്തേക്കു പുനഃസ്ഥാപിക്കുന്നതിനും തീരുമാനമായി.

നിയമപ്രകാരമുള്ള ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി പറഞ്ഞു. താമസിക്കാനുള്ള സ്ഥലം നഗരസഭ കണ്ടെത്തി നല്‍കണം. വാടക സര്‍ക്കാര്‍ നല്‍കണം. പ്രാഥമിക നഷ്ടപരിഹാര തുക ലഭിക്കാതെ ഫ്‌ളാറ്റ് വിട്ടിറങ്ങില്ലെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി. പകരം താമസം ഒരുക്കിയിരിക്കുന്നത് എവിടെയാണെന്ന് ബോധ്യപ്പെടുത്തണം. ഫ്‌ളാറ്റിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസ സൗകര്യം സ്വീകരിക്കില്ല. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തങ്ങളെയും ബാധിക്കും. ഒഴിയാന്‍ ഒരു മാസമെങ്കിലും സമയം വേണമെന്നും താമസക്കാര്‍ വ്യക്തമാക്കി.

Top