ആലപ്പുഴ :മരട് ഫ്ലാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വി.എം.സുധീരൻ കത്ത് അയച്ചു മരടിലെ ഫ്ലാറ്റ് നിർമാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്നാണു സുധീരൻ ഉന്നയിക്കുന്നത് .മരടിലെ ഫ്ലാറ്റ് വാങ്ങി താമസിക്കുന്നവരുടെ പ്രശ്നം ചർച്ച ചെയ്യുന്നതിന് സർവ്വകക്ഷിയോഗം വിളിച്ചത് ഉചിതമായി എന്നും സുധീരൻ കത്തിൽ പറയുന്നു .
ഫ്ലാറ്റ് താമസക്കാരുടെ പുനരധിവാസത്തിന് വേണ്ടതായ ചെലവും അവർക്ക് അർഹമായ നഷ്ടപരിഹാരവും ഫ്ലാറ്റ് ബിൽഡേഴ്സിൽ നിന്നും ഈടാക്കുന്നതിന് ഫലപ്രദമായ നടപടികളുണ്ടാകേണ്ടത് അനിവാര്യമാണ്.
തന്നെയുമല്ല, നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കുകയും ഇപ്പോൾ തങ്ങൾക്ക് അതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പറഞ്ഞ് ഹുങ്ക് കാണിച്ച് കയ്യൊഴിയുകയും ചെയ്യുന്ന ഫ്ലാറ്റ് നിർമാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാവുകയും വേണം.
നിയമവിരുദ്ധമായി ഫ്ലാറ്റ് നിർമ്മിച്ചവർക്കും അത്തരത്തിൽ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന യാതൊരു തീരുമാനവും സർവകക്ഷി യോഗത്തിൽ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
നിയമവിരുദ്ധമായി നിർമ്മിച്ച ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയം പിഴയടച്ച് ക്രമപ്പെടുത്താൻ നിർദ്ദേശിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നേരത്തേയുള്ള വിധി യഥാർഥത്തിൽ നിയമവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട് ഫ്ലാറ്റ് നിർമ്മിക്കുന്നവർക്കുള്ള ഒരു പച്ചക്കൊടിയായിരുന്നു.
ഏത് നിയമവിരുദ്ധ നിർമ്മാണവും നാമമാത്രമായ പിഴയടച്ച് ക്രമപ്പെടുത്താമെന്ന തെറ്റായ സന്ദേശമാണ് ആ വിധി നൽകിയത്.
ഈ വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിച്ച് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബിൽഡേഴ്സിനെതിരെ ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിക്കുന്ന രീതിയിൽ ഈ വിധി ഭേദഗതി ചെയ്യുന്നതിന് വേണ്ടതായ കാര്യങ്ങളെല്ലാം ചെയ്യാൻ സർക്കാർ ഇനിയും വൈകരുത്. ഇക്കാര്യം സംബന്ധിച്ച് 11.1.2018 ന് താങ്കൾക്ക് കത്തയച്ചിരുന്നുവല്ലോ.
ബിൽഡേഴ്സിൻറെ സ്വാധീനത്തിനും സമ്മർദത്തിനും വഴങ്ങി മരടിലെ നിയമവിരുദ്ധ ഫ്ലാറ്റ് നിർമാണത്തിന് കൂട്ടുനിന്ന അതാത് കാലത്തെ തദ്ദേശ ഭരണാധികാരികളായ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നിഷ്ക്രിയമായി നോക്കിനിന്ന് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്ത ജില്ലാ ഭരണകൂടത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം.
അതാത് കാലത്തെ മരട് തദ്ദേശ ഭരണസംവിധാനത്തിലെ ജനപ്രതിനിധികളുടെ പങ്കിനെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരായ ജനപ്രതിനിധികളെ സംഘടനാപരമായ നടപടിക്ക് കൂടി വിധേയരാക്കി പുറന്തള്ളാനും രാഷ്ട്രീയനേതൃത്വത്തിന് ബാധ്യതയുണ്ട്.
മരട് ഫ്ലാറ്റ് നിവാസികൾക്ക് മാനുഷിക പരിഗണന വെച്ചുകൊണ്ട് ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങളുടെ ഗുണഭോക്താക്കളായി ഒരു കാരണവശാലും നിയമവിരുദ്ധമായി ഫ്ലാറ്റ് നിർമ്മിച്ച ബിൽഡേഴ്സ് മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അതോടൊപ്പം തന്നെ ഇപ്പോഴും അനധികൃതമായി നടന്നു വരുന്ന ഫ്ലാറ്റ് ഉൾപ്പടെയുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് അതിന്മേൽ കർശനമായ നടപടി സ്വീകരിക്കാൻ തയ്യാറാവുകയും വേണം.